• HOME
 • »
 • NEWS
 • »
 • crime
 • »
 • ഉത്രയുടെ കൊലപാതകം: സൂരജും പാമ്പുപിടുത്തക്കാരനും നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ

ഉത്രയുടെ കൊലപാതകം: സൂരജും പാമ്പുപിടുത്തക്കാരനും നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ

മുഖ്യപ്രതി സൂരജിനെയും കൂട്ടുപ്രതിയും പാമ്പ് പിടിത്തക്കാരനുമായ സുരേഷിനെയുമാണ് കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

sooraj

sooraj

 • Share this:
  കൊല്ലം: ഉത്ര കൊലക്കേസിലെ മുഖ്യപ്രതി സൂരജിനെയും കൂട്ടുപ്രതിയും പാമ്പ് പിടിത്തക്കാരനുമായ സുരേഷിനെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

  തെളിവെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചിരുന്നു. ഉത്രയെ കൊല്ലാനായി പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽനിന്ന് കണ്ടെടുത്തു. കേസിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ്. അന്വേഷണസംഘത്തിനൊപ്പം ഫോറൻസിക് സംഘവും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
  You may also like:'മിന്നല്‍ മുരളി' സെറ്റ് പൊളിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് അറസ്റ്റില്‍ [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 359 പേർ [NEWS]
  ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കേസിൽ സാക്ഷികളില്ലാത്തതിനാൽ സാഹചര്യതെളിവുകളാണ് ഏറ്റവും പ്രധാനം അതുകൊണ്ടുതന്നെ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം.

  സൂരജിനെ തെളിവെടുപ്പിനായി അഞ്ചൽ ഏറത്തെ വീട്ടിലെത്തിച്ചപ്പോൾ അതിവൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. സൂരജിനെ വീട്ടിൽ കയറ്റാനാകില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ ബഹളംവെച്ചു. പുലർച്ചെ ആയതിനാൽ ആദ്യം നാട്ടുകാരും അയൽക്കാരും പ്രതിയെ കൊണ്ടുവരുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാൽ പൊലീസ് വാഹനങ്ങൾ എത്തിയതോടെ സമീപവാസികൾ തടിച്ചുകൂടി. പ്രതിക്കുനേരെ പലരും ആക്രോശിക്കുന്നുണ്ടായിരുന്നു.

  സംഭവദിവസം നടന്ന കാര്യങ്ങളെല്ലാം പ്രതി സൂരജ് അന്വേഷണസംഘത്തോട് വിവരിച്ചു. കല്ലുവാതുക്കലെ സുരേഷിൽനിന്ന് പാമ്പിനെ വാങ്ങിയശേഷം അഞ്ചൽ ഏറത്തെ വീട്ടിൽ എത്തിയതുമുതലുള്ള കാര്യങ്ങളാണ് സൂരജ് വിവരിച്ചത്. ഉത്രയുടെ വീട്ടിൽവെച്ച് സൂരജിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഈ സമയത്തെല്ലാം ഉത്രയുടെ മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ചും ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. അതിനുശേഷം ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുക.

  ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഉത്ര അഞ്ചലിലെ വീട്ടിൽവെച്ച് പാമ്പുകടിയേറ്റ് മരിച്ചത്. സംഭവത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് നൽകിയ പരാതിയെതുടർന്നുള്ള അന്വേഷണത്തിലാണ് ഉത്രയുടെ ഭർത്താവ് സൂരജ് അറസ്റ്റിലായത്. ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. പാമ്പിനെ നൽകിയ കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ അറിവോടെയാണ് കൊലപാതകമെന്ന് വ്യക്തമായതോടെയാണിത്.

  നേരത്തെ മാർച്ച് രണ്ടിന് അടൂരിലെ ഭർതൃവീട്ടിൽവെച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റിരുന്നു. അന്ന് അണലി കടിച്ച് ഗുരുതരാവസ്ഥയിലായ ഉത്ര ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. രണ്ടു പാമ്പുകളെയും സുരേഷിന്‍റെ പക്കൽനിന്ന് 10000 രൂപ നൽകി വാങ്ങിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഉത്രയെ വകവരുത്തി സ്വത്തുക്കൾ തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു സൂരജിന്‍റെ പദ്ധതി

  ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര (25) വീട്ടിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛന്‍ വിശ്വസേനനും അമ്മ മണിമേഖലയും പോലീസില്‍ പരാതി നല്‍കിയത്. മെയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ഉത്രയെ കണ്ടെത്തിയത്.അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതുകൈയില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.

  അടൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സര്‍പ്പദംശനമേറ്റത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടില്‍ ബോധം കെട്ട് വീണ ഉത്രയുടെ കാല്‍ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

  അവിശ്വസനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ പാമ്പ് കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും പാമ്പ് കടിയേറ്റിട്ട് ഉടനെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഇതില്‍ ദുരൂഹത ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. രണ്ടാമത് പാമ്പ് കടിയേറ്റ ദിവസ്സം ഉത്രയോടൊപ്പം കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് സൂരജ് രാത്രിയില്‍ കിടപ്പുമുറിയിടെ ജനാലകള്‍ തുറന്നിട്ടത് സംശയത്തിന് ഇടനല്‍കി.

  ടൈല്‍ പാകിയതും എ.സി ഉള്ളതുമായ കിടപ്പുമുറിയുടെ ജനാലകള്‍ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി ഭര്‍ത്താവാണ് ജനാലകള്‍ തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും ഭര്‍ത്താവാണ്. വീട്ടില്‍ പാമ്പ് ശല്യമോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

  അടൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് വീട്ടില്‍ കയറിയ പാമ്പിനെ സൂരജ് നിസാരമായി പിടികൂടി പുറത്ത് കൊണ്ടുപോയിരുന്നു. അന്ന് അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ് ഉത്രയെ കടിച്ചത്. എന്നാല്‍ രണ്ടാമതാകട്ടെ മൂര്‍ഖന്‍ പാമ്പും. മകള്‍ക്ക് കൊടുത്ത സ്വര്‍ണാഭരണങ്ങളും പണവും കാണാനില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

  തുടര്‍ന്ന് പോലീസും ക്രൈംബ്രാഞ്ചും പരാതിയില്‍ അന്വേഷണം നടത്തുകയും ഞായറാഴ്ച പുലര്‍ച്ചെയോടെ സൂരജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ സൂരജ് കുറ്റം സമ്മതിച്ചു. യൂ ട്യൂബ് വീഡിയോ ചിത്രീകരിക്കാനാണെന്ന് പറഞ്ഞാണ് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍നിന്നും പതിനായിരം രൂപയ്ക്ക് സൂരജ് പാമ്പുകളെ വാങ്ങിയത്. അണലിയെ കൊണ്ട് കടിപ്പിച്ച് ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് മൂര്‍ഖനെ എത്തിക്കുകയായിരുന്നു. പാമ്പുമായി വീട്ടിലെത്തിയ സൂരജ് ഉറങ്ങികിടന്ന ഉത്രയുടെ മേല്‍ പാമ്പിനെ ഇടുകയും കടിപ്പിക്കുകയുമായിരുന്നെന്നാണ് കണ്ടെത്തല്‍.

  ഭാര്യയെ പാമ്പ് കടിക്കുന്നത് സമീപത്തെ കട്ടിലില്‍ ഇരുന്ന് സൂരജ് നോക്കിനില്‍ക്കുകയായിരുന്നു. ഉത്രയുമായുള്ള കുടുംബജീവിതത്തില്‍ സൂരജ് സംതൃപ്തനായിരുന്നില്ല. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും 98 പവനോളം സ്വര്‍ണം ഉത്രയില്‍നിന്ന് സ്ത്രീധനമായി വാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു.

  പണം ആവശ്യത്തിന് ലഭിച്ചശേഷം ഉത്രയെ ഒഴിവാക്കി കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് പോകാനുള്ള ആഗ്രഹമാണ് സൂരജിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. അതേസമയം, ഉത്രയ്ക്ക് എന്തെങ്കിലും മയക്കുമരുന്നോ മറ്റോ നല്‍കിയാണോ പാമ്പിനെ കടിപ്പിച്ചതെന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
  Published by:Aneesh Anirudhan
  First published: