കൊല്ലം: അഞ്ചൽ ഉത്ര കൊലക്കേസിൽ (Uthra Murder Case) മാപ്പ് സാക്ഷിയായിരുന്ന സുരേഷ് ജയിൽമോചിതനായി. താൻ ഇനി പാമ്പിനെ പിടിക്കില്ലെന്നും, ഉത്രയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയുമെന്നും 17 മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ സുരേഷ് പറഞ്ഞു. ഉത്രയുടെ അച്ഛനെയും അമ്മയെയും സഹോദരനെയും കണ്ട് കാലിൽ വീണ് മാപ്പ് പറയുമെന്ന് സുരേഷ് വ്യക്തമാക്കി. കോടതിയില്‍ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. പാമ്ബിനെ വിറ്റവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നതായും സുരേഷ് പറഞ്ഞു.
ഭാര്യയെ കൊല്ലാനാണ് സൂരജ് തന്റെ കൈയില്‍ ഉണ്ടായിരുന്ന മൂര്‍ഖന്‍ പാമ്ബിനെ വാങ്ങിയതെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് സുരേഷ് പറയുന്നു. സൂരജിന് അനുകൂലമായി കോടതിയില്‍ പറയണമെന്ന് നിരന്തരം മറ്റു തടവുകാരെക്കൊണ്ട് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും കാര്യങ്ങളെല്ലാം സത്യസന്ധമായി കോടതിയെ ബോധിപ്പിച്ചതായും സുരേഷ് പറഞ്ഞു. കേസില്‍ മാപ്പുസാക്ഷിയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. സുരേഷ് പ്രതിയായ വനംവകുപ്പിന്റെ കേസുകളില്‍ പുനലൂര്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ ശിക്ഷാവിധി വന്നെങ്കിലും സൂരജും സുരേഷും പ്രതികളായ വനംവകുപ്പിന്റെ കേസ് നടപടികള്‍ കോടതിയില്‍ തുടരുകയാണ്.
ഉത്ര വധക്കേസ്: വഴിവെച്ചത് ഫോറൻസിക് സയൻസിൽ പുതിയ അധ്യായത്തിന്ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വാങ്ങിക്കൊടുത്തതിലൂടെ കുറ്റാന്വേഷണ രംഗത്ത് ഒരു പൊൻതൂവൽ കൂടിയാണ് കേരള പൊലീസിന് ലഭിച്ചത്. രാജ്യത്ത് തന്നെ മാതൃകയാകുന്ന വിധത്തിലായിരുന്നു പൊലീസിന്റെ അന്വേഷണമെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഉത്ര വധക്കേസിന്റെ വിജയം ഫോറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് കൂടി വഴിതെളിച്ചുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
കുറിപ്പ് ഇങ്ങനെ-ഉത്ര വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസും.
കൊലപാതകമാണെന്ന സംശയം ഉത്രയുടെ മാതാപിതാക്കൾ ഉന്നയിച്ചതോടെയാണ് ഈ കേസിന് വഴിത്തിരിവ് ഉണ്ടായത്. കൊല്ലം റൂറൽ പോലീസ് മേധാവിയായിരുന്ന ഹരിശങ്കർ ഐ പി എസ് കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുക മാത്രമല്ല, അദ്ദേഹത്തിന്റെ പൂർണ്ണ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു.
സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തിയാണ് കേരള പൊലീസിന് അഭിമാനകരമായി മാറിയ ഈ കേസിനെ വിജയത്തിലേക്ക് എത്തിച്ചത്.
ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ രണ്ട് കേസുകൾ തെളിയിക്കാനാവാതെ പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നാൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസ് തന്നെ മികവുറ്റതും, പുതുമയാർന്നതുമായ അന്വേഷണ രീതികളിലൂടെ പ്രതി കുറ്റക്കാരനാണെന്ന കുറ്റപത്രം കോടതി ശരിവച്ചിരിക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ശ്രീ.ഹരിശങ്കർ ഐ.പി.എസിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ.എസ്.മധുസൂദനൻ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് റിട്ടയേർഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.എ.അശോകൻ, പോലീസ് ഇൻസ്പെക്ടർ ശ്രീ.ആർ.പി.അനൂപ്കൃഷ്ണ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ.സി.മനോജ്കുമാർ, കൊല്ലം റൂറൽ സൈബർ സെൽ സിവിൽ പോലീസ് ഓഫീസർ ശ്രീ.മഹേഷ് മോഹൻ, കൊല്ലം റൂറൽ കുന്നിക്കോട് പോലീസ് സ്റ്റേഷൻ ഗ്രേഡ് സബ് ഇൻസ്പെക്ടർ ശ്രീ.രമേഷ്കുമാർ, കൊല്ലം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് സബ് ഇൻസ്പെക്ടർ ബി. എസ്. അനിൽകുമാർ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് സബ് ഇൻസ്പെക്ടർ ശ്രീ.ഡി.അനിൽകുമാർ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ.ആർ.പ്രവീൺകുമാർ, കൊല്ലം റൂറൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ.ആശീർ കോഹൂർ, കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി.എസ്.സജീന എന്നിവരാണ് അന്വേഷണം നടത്തിയത്.
ഉത്ര വധക്കേസിന്റെ വിജയം ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് കൂടി വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.