വടകര: കസ്റ്റഡിയില്‍ എടുത്ത യുവാവ് (Custodial death)മരിച്ച സംഭവത്തില്‍ പൊലീസിൽ കൂട്ട സ്ഥലംമാറ്റം. വടകര പോലീസ് സ്റ്റേഷനിലെ 66 പേരെയും സ്ഥലം മാറ്റി. വടകര താഴേ കോലോത്ത് പൊന്മേരിപറമ്പില് സജീവന് (42) ആണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. നേരത്തേ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ കൂട്ട സ്ഥലംമാറ്റം.
സജീവൻ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസുകാരെ സ്ഥലംമാറ്റിയത്. മാനുഷിക ഉത്തരവാദിത്തം നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റം. സജീവനെ ആശുപത്രിയിൽ കൊണ്ടു പോയില്ല, ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്വം വേണമെന്നും സ്ഥലം മാറ്റ നടപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
വടകര പൊലീസ് സ്റ്റേഷനിലെ എസ് ഐ നിജീഷ്, എ എസ് ഐ അരുണ്‍, സി പി ഒ ഗിരീഷ് എന്നിവരെയാണ് നേരത്തേ സസ്പെൻഡ് ചെയ്തത്.
Also Read-
വടകര കസ്റ്റഡി മരണം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻവാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ തർക്കമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും സജീവന് സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി 11.30 ഓടെയാണ് സംഭവം.
സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന് നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചെന്നും ഉടന്‍ എസ് ഐ അടിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. 20 മിനിറ്റോളം സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയപ്പോള്‍ സജീവന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സജീവനെ ഓട്ടോയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.പൊലീസ് നടപടിയില്‍ പ്രദേശത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സജീവന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് നിർദേശം നൽകി. ജൂലൈ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.