നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സനു മോഹന്‍ നടത്തിയത് റിപ്പര്‍ മോഡല്‍ കൊലപാതകം? തെളിവു നശിപ്പിക്കാനും ശ്രമം; ദുരൂഹമായി വൈഗയുടെ മരണം

  സനു മോഹന്‍ നടത്തിയത് റിപ്പര്‍ മോഡല്‍ കൊലപാതകം? തെളിവു നശിപ്പിക്കാനും ശ്രമം; ദുരൂഹമായി വൈഗയുടെ മരണം

  മകളെ വകവരുത്തിയ ശേഷം തന്നെ ആരോ തട്ടിക്കൊണ്ടുപോയി എന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് സാനു മോഹന്‍ നടത്തിയതെന്ന സൂചനകളാണ് പൊലീസിന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: ഏറെ നിഗൂഡതകള്‍ നിറഞ്ഞതാണ് കൊച്ചിയിലെ 13കാരിയായ വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും. മകളെ വകവരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തി തീര്‍ക്കാനാണ് സനു മോഹന്‍ ശ്രമിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. മകളുടെ മരണത്തിന്റെ തൊട്ടുമുമ്പ് നടത്തിയ മുഴുവന്‍ പ്രവൃത്തികളിലും അസ്വാഭാവികതകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്.

  മാര്‍ച്ച് 20 ന് ഞായറാഴ്ച ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ഭാര്യയെ കൊണ്ടുചെന്നാക്കിയ ശേഷമാണ് മകളുമായി കാറില്‍ സനു മോഹന്‍ യാത്രയാരംഭിച്ചത്. തിങ്കളാഴ്ച 12 മണിയോടെ മഞ്ഞുമ്മല്‍ ആറാട്ട്കടവ് റെഗുലേറ്റര്‍ കംബ്രിഡ്ജ് ഭാഗത്തു നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തി.

  പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാനു ഓടിച്ച വെളുത്ത ഫോക്‌സ് വാഗണ്‍ കാര്‍ വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചു. കോയമ്പത്തൂര്‍-ഊട്ടി റോഡില്‍ കാറിനൊപ്പം സനുവും സി.സി.ടി.വിയില്‍ പതിഞ്ഞു. നിരവധിയാളുകമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന സനുവിനെ മകളോടൊപ്പം ആരോ തട്ടിക്കൊണ്ടുപോയതായി ആയിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഇയാളുടെ യാത്രാ ദൃശ്യങ്ങള്‍ ലഭിച്ചതോടെ സനുവിന് കുട്ടിയുടെ മരണത്തില്‍ പങ്കുണ്ടെന്നുറപ്പായി.

  Also Read-സനു മോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; ഇന്ന് രാത്രിയോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും

  കാമറകളില്‍ കുടുങ്ങുമെന്ന് ഉറപ്പായിട്ടും സനു എന്തുകൊണ്ടാണ് രക്ഷപ്പെടാന്‍ സ്വന്തം കാറുപയോഗിച്ചതെന്നായിരുന്നു ബന്ധുക്കളുടെയടക്കം പ്രധാന സംശയം. ഫ്ലാറ്റിൽ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ സനുവിന്റെയും വൈഗയുടേതുമല്ലാത്ത രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണ് എന്നതും അന്വേഷണ സംഘത്തെ കുഴക്കി. സിനിമാ മാതൃകയില്‍ വ്യാജ തെളിവുണ്ടാക്കുന്നതിനുള്ള സനുവിന്റെ ബോധപൂര്‍വ്വ നീക്കമാണോ ഇതെന്ന് പോലീസ് സംശയിച്ചു.

  വൈഗയുടെ ആന്തരികാവയവ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കുട്ടിയെ മദ്യം നല്‍കി അബോധാവസ്ഥയില്‍ പുഴയിലേക്ക് തള്ളിയതാണെന്നാണ് കണക്കുകൂട്ടല്‍. അബോധാവസ്ഥയിലായതിനാല്‍ രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ ദുര്‍ബലമാകുമെന്ന് ഇയാള്‍ മുന്‍കൂട്ടി മനസിലാക്കിയിരിക്കാം. വെള്ളം കുടിച്ചാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.

  കാണാതാവുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സനു സ്വകാര്യ ബാങ്കുകളില്‍ വലിയ തുകയ്ക്ക് സ്വര്‍ണ്ണം പണയം വെച്ചിരുന്നു. അക്കൗണ്ടിലുള്ള 40 ലക്ഷം രൂപ മരവിപ്പിച്ചതായി പലരോടും കളവു പറഞ്ഞെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തില്‍ അക്കൗണ്ട് ഏതാണ്ട് ശൂന്യമായിരുന്നു.  അപ്രത്യക്ഷനാവുന്നതിന് ഒരാഴ്ച മുമ്പ് സ്വന്തം ഫോണ്‍ വിറ്റ ശേഷം ഭാര്യയുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. കുറ്റകൃത്യത്തിനായുള്ള സാനുവിന്റെ മുന്നൊരുക്കമായിരുന്നു ഇക്കാര്യങ്ങളെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 13000 രൂപയ്ക്ക് വിറ്റ ഫോണ്‍ പിന്നീട് കണ്ടെത്തി.

  മഹാരാഷ്ട്രയിലെ പൂനെയില്‍ മെറ്റല്‍ ലെയ്ത്ത് ബിസിനസ് നടത്തി ലക്ഷങ്ങളുടെ കടക്കാരനായി മാറിയ സനു അഞ്ചരവര്‍ഷം മുമ്പാണ് കങ്ങരപ്പടിയില്‍ ഭാര്യയുടെ പേരില്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങിയത്. സനു തട്ടിപ്പിനിരയാക്കിയവരില്‍ ചിലര്‍ നിരന്തരം ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയവരുമുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയാണ് സനു. ഫ്ലാറ്റിലെ താമസക്കാരോട് മാന്യമായി ഇടപെട്ടിയിരുന്ന ഇയാള്‍ ഫ്ലാറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായിരുന്നു.

  മകളെ വകവരുത്തിയ ശേഷം തന്നെ ആരോ തട്ടിക്കൊണ്ടുപോയി എന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് സാനു മോഹന്‍ നടത്തിയതെന്ന സൂചനകളാണ് പൊലീസിന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ചത്. എന്നാല്‍ സി.സി.സി.വി ദൃശ്യങ്ങളില്‍ തനിച്ച് കുടുങ്ങിയതാണ് പദ്ധതികള്‍ പൊളിച്ചത്.  ഇതടക്കമുള്ള മുഴുവന്‍ സാധ്യതകളും പരിശോധിയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

  13 കാരിയായ മകളെ വകവരുത്താന്‍ സനു മോഹനെ പ്രേരിപ്പിച്ച കാരണങ്ങളെന്തൊക്കെയാണെന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പൊലീസിനെയും പണം നല്‍കാനുള്ളവരെയും തെറ്റിദ്ധരിപ്പിയ്ക്കുന്നതിലൂടെ ഇയാള്‍ക്ക് എന്തു നേട്ടമുണ്ടാകുമായിരുന്നു എന്നും  പരിശോധിയ്ക്കുന്നുണ്ട്.
  Published by:Asha Sulfiker
  First published:
  )}