വടകര: തലശേരിയില്‍ വച്ച് തന്നെ ആക്രമിച്ചത് ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍സി.പി.എം കൗണ്‍സിലറുമായ സി.ഒ.റ്റി നസീറിന്റെ മൊഴി. ആക്രമിച്ചവരെ താന്‍ നേരത്തെ കണ്ടിട്ടില്ലെന്നും ഇവരെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ മൊഴി നല്കി. തലയിലും കഴുത്തിലും വയറിലും വെട്ടേറ്റ നസീര്‍ അപകടനില തരണം ചെയ്തു.
ശനിയാഴ്ച തലശേരി ബസ്റ്റാന്‍ഡിന് സമീപമാണ് നസീറിനു നേരെ ആക്രമണമുണ്ടായത്. സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. നസീര്‍ സഞ്ചരിച്ച ബൈക്ക് ഒടിച്ചിരുന്ന നൗരിഫിനും ആക്രമണത്തില്‍ പരുക്കേറ്റു. ഇദ്ദേഹം തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തലശേരി നഗരസഭാ കൗണ്‍സിലറായിരുന്ന നസീര്‍ അടുത്തിടെയാണ് സി.പി.എം വിട്ടത്. ഇതിനു പിന്നാലെയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായത്.
നസീറിനെതിരായ ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ആര്.എം.പിയും രംഗത്തെത്തി. സി.പി.എം നേതാവ് പി.ജയരാജന്റെ അറിവോടെയാണ് ആക്രമണമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് പ്രതികരിച്ചു. ജയരാജനും കണ്ണൂരിലെ സി.പി.എം നേതൃത്വവും അറിയാതെ ആക്രമണം നടക്കില്ലെന്ന് ആര്.എം.പി നേതാവ് കെ.കെ രമ പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.