തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാർത്ഥിനിയെ പൊള്ളലേല്‍പ്പിച്ച് സഹപാഠി. ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പൊള്ളലേല്‍പ്പിച്ചത്. പെൺകുട്ടിയെ ആക്രമിച്ചതും ആന്ധ്രാ സ്വദേശിനി തന്നെയാണ്.
ബിഎസ് സി അഗ്രികള്‍ച്ചര്‍ കോഴ്സിലെ അവസാന വര്‍ഷ വിദ്യാർത്ഥിനികള്‍ക്ക് ഇടയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയെ ഹോസ്റ്റലില്‍ ഒരുമിച്ച് താമസിക്കുന്ന സഹപാഠിയാണ് പൊള്ളലേല്‍പ്പിച്ചത്. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം 18നാണ് സംഭവം നടന്നത്. തുടക്കത്തില്‍ പരാതി നല്കാന് ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളല്‍ കണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോളേജില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
നാട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കോളേജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Thiruvananthapuram