• HOME
  • »
  • NEWS
  • »
  • crime
  • »
  • VERAPPA GANG MEMBER STELLA MARY ARRESTED IN CHAMARAJA NAGAR

കരിമ്പ് പാടത്തിൽ കാട്ടാനക്കൂട്ടത്തെ തുരത്താൻ പടക്കം പൊട്ടിച്ചത് വിനയായി; വീരപ്പൻ സംഘത്തിലെ സ്റ്റെല്ല മേരി പിടിയിലായത് അപ്രതീക്ഷിതമായി

1994ൽ അറസ്റ്റിലായ സ്റ്റെല്ല മേരി 2007ൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു. 13 വർഷത്തിനുശേഷമാണ് അവർ പിടിയിലാകുന്നത്..

verappan-stella

verappan-stella

  • Share this:
    മൈസൂരു: കാട്ടുകള്ളൻ വീരപ്പന്‍റെ സംഘത്തിൽ അംഗമായിരുന്ന സ്റ്റെല്ല മേരി 13 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് പിടിയിലായത് അപ്രതീക്ഷിതമായി. 1994ൽ അറസ്റ്റിലായ സ്റ്റെല്ല മേരി 2007ൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലെ കൊല്ലേഗൽ ജാഗേരിയിൽ കരിമ്പ് പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു സ്റ്റെല്ല മേരി. കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് കഴിഞ്ഞ ദിവസം സ്റ്റെല്ല മേരി അവയെ തുരത്താൻ പടക്കം പൊട്ടിച്ചത്. എന്നാൽ പൊട്ടിയ പടക്കത്തിൽനിന്ന് കരിമ്പ് പാടത്തിലേക്ക് തീപടർന്നതോടെ നിയന്ത്രിക്കാനായില്ല. ഇതോടെയാണ് സ്ഥലത്ത് പൊലീസ് എത്തിയത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് സ്റ്റെല്ല മേരി കുടുങ്ങിയത്. ചാമരാജ് എസ്.പി എച്ച്.ഡി അനന്ത് കുമാർ സ്റ്റെല്ലയുടെ അറസ്റ്റ് സ്ഥിരീകരിച്ചു.

    വീരപ്പന്‍റെ അടുത്ത അനുയായി സുണ്ടയുടെ(വേലയ്യൻ) ഭാര്യയായിരുന്നു സ്റ്റെല്ല മേരി. 13 വയസുള്ളപ്പോഴാണ് സ്റ്റെല്ല വീരപ്പന്‍റെ സംഘത്തിലേക്ക് എത്തുന്നത്. സഹോദരിഭർത്താവ് ശേഷരാജൻ വഴി വീരപ്പൻ സ്റ്റെല്ലയെ ആദ്യം ബന്ദിയാക്കുകയായിരുന്നു. വീരപ്പിന് ശേഷരാജൻ നൽകാനുള്ള പണത്തിന് പകരമായാണ് സ്റ്റെല്ലയെ ബന്ദിയാക്കിയത്. പിന്നീട് വീരപ്പൻ സംഘത്തിനൊപ്പം ചേർന്ന സ്റ്റെല്ല, ആയുധപരിശീലനം നേടി. ഉന്നം പിഴയ്ക്കാതെ വെടിവെയ്ക്കുന്നതിനുള്ള കഴിവാണ് സ്റ്റെല്ലയെ ശ്രദ്ധേയയാക്കിയത്. ഇതിനിടെയാണ് സുണ്ടയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

    വീരപ്പൻ സംഘത്തിനൊപ്പം വിവിധ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും സ്റ്റെല്ല പങ്കാളിയായി. 22 പേരുടെ മരണത്തിനിടയാക്കിയ 1993ലെ പാലാർ ബോംബ് സ്ഫോടനം, പൊലീസ് സ്റ്റേഷൻ ആക്രണം തുടങ്ങി നിരവധി കേസുകളിൽ അവർ പ്രതിയായിരുന്നു. 1994ലാണ് തമിഴ് നാട് പൊലീസിലെ പ്രത്യേക സംഘം സ്റ്റെല്ലയെ പിടികൂടുന്നത്. തുടർന്ന് ജയിൽശിക്ഷ ലഭിച്ച സ്റ്റെല്ല 2007ൽ പരോളിൽ ഇറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരുവിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. അതിനിടെയാണ് അപ്രതീക്ഷിതമായി സ്റ്റെല്ല പിടിയിലായത്. 2004ൽ പ്രത്യേക ദൌത്യസംഘത്തിന്‍റെ വെടിയേറ്റ് വീരപ്പൻ കൊല്ലപ്പെട്ടതോടെയാണ് തമിഴ്നാട്-കർണാടക വനാതിർത്തിയിൽ വിഹരിച്ചിരുന്ന കൊള്ളസംഘം ഇല്ലാതായത്.
    First published:
    )}