മലപ്പുറം: മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനിയർ കൊല്ലം ചിറയിൽ തെക്കേതിൽ എസ്. ബിനീത (43)യാണ് വിജിലൻസിന്‍റെ പിടിയിലായത്. പൊതുമരാമത്ത് കരാറുകാരൻ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി.
മുതുവല്ലൂർ പഞ്ചായത്തിലെ മൃഗാശുപത്രിയുടെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ടാണ് ഷാഫിയിൽനിന്ന് ബിനീത കൈക്കൂലി വാങ്ങിയത്. ഈ പണിയുടെ കരാറെടുത്ത ഷാഫിയ്ക്ക് നേരത്തെ 91000 രൂപ പാസാക്കി കിട്ടിയിരുന്നു. നിർമാണം പൂർത്തിയായ ശേഷം ബാക്കി തുകയുടെ ബിൽ മാറാൻ ബിനീത രണ്ട് ശതമാനം കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഷാഫി വിജിലൻസിൽ പരാതി നൽകിയത്.
ഇതോടെ വിജിലൻസ് നിർദേശ പ്രകാരം ഫിനോഫ്താലിൻ പുരത്തിയ കറൻസി നോട്ടുകൾ ഷാഫി ബിനീതയ്ക്ക് നൽകാൻ തീരുമാനിച്ചു. വിജിലൻസ് സംഘം കഴിഞ്ഞ ദിവസം രാവിലെ മുതൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നു. എന്നാൽ വൈകിട്ട് മൂന്ന് മണിയോടെ മാത്രമാണ് ബിനീത ഓഫീസിൽ എത്തിയത്. ഓഫീസിൽ വരുന്ന വിവരം ഷാഫിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. അവിടെ എത്തിയ ഉടൻ പണവുമായി എത്താൻ ബിനീത നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറുന്നതിനിടെ ബിനീതയെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിനീതയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ, എസ്.ഐ.മാരായ മോഹൻദാസ്, ശ്രീനിവാസൻ, എ.എസ്.ഐ. സലിം, പ്രജിത്ത്, രത്നകുമാരി, ശ്യാമ, സുബിൻ, ഷിഹാബ്, സുനിൽ, പി.എൻ. മോഹനകൃഷ്ണൻ, രാജീവ് എന്നിവരടങ്ങിയ സംഘമാണ് ബിനീതയെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയത്.
കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീയുടെ പേരിൽ പേരിൽ പണം തട്ടാൻ ശ്രമം; വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ച്
സംസ്ഥാനത്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പണം തട്ടാനുള്ള ശ്രമം നേരത്തെയും വ്യാപകം. പുതിയ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ചു കൊണ്ടായിരുന്നു ഇതുവരെയുള്ള തട്ടിപ്പുകൾ പ്രധാനമായും നടന്നത്. പ്രമുഖരായ നിരവധി വ്യക്തികളുടെ പേരിൽ ഇതിന് തട്ടിപ്പ് നടന്നിരുന്നു. ഇപ്പോഴും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടുന്നത് ഫേസ്ബുക്കിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് വാട്സ്ആപ്പ് വഴിയും തട്ടിപ്പിന് ശ്രമം നടക്കുന്നത്. പ്രമുഖ വ്യക്തികളുടെ പേരിൽ തന്നെ തട്ടിപ്പിന് ശ്രമം നടക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീയുടെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. നിരവധി ഉന്നതരായ ഉദ്യോഗസ്ഥർക്ക് വാട്സ്ആപ്പ് സന്ദേശം വഴി പണം ആവശ്യപ്പെട്ടു കൊണ്ടാണ് മെസ്സേജ് ചെന്നത്. ഇതോടെയാണ് പോലീസ് വിഷയത്തിൽ ഇടപെടുന്നത്. സബ് കളക്ടർ അടക്കമുള്ളവർക്ക് മെസ്സേജ് ചെന്നതായി ജില്ലാ കളക്ടർ പി കെ ജയശ്രീ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം കുശലാന്വേഷണം നടത്തി കൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. ഇത് പുതിയ നമ്പർ ആണോ എന്ന് ചോദിക്കുമ്പോൾ അതേ എന്ന് മറുപടി വരും. പെട്ടെന്നുണ്ടായ ചില ബുദ്ധിമുട്ടുകളിൽ ആണെന്നും പണം വേണമെന്ന് ആവശ്യപ്പെട്ടാണ് പിന്നീട് മെസ്സേജ്. 5000 വരെയുള്ള ചെറിയ തുകകളാണ് ഇവർ ആവശ്യപ്പെടുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു.
Also Read- Robbery | കണ്ണില്‍ മുളക് പൊടിയിട്ട് 38 ലക്ഷം കവര്‍ന്നു; മൂന്ന് പേർ അറസ്റ്റിൽ
ഉത്തർപ്രദേശിൽ നിന്നാണ് ഈ നമ്പർ വാട്സാപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ആണ് സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. തുടർന്ന് സൈബർ നടത്തിയ അന്വേഷണത്തിലാണ് നമ്പർ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന് ഇനിയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribe, Crime news, Malappuram