കോട്ടയം: ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ജിനു പുന്നൂസിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കുന്നതിലും ലൈസന്‍സ് മാറ്റുന്നതിനും കൈക്കൂലി വാങ്ങുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തി. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താനും വിജിലന്‍സ് തീരുമാനിച്ചു.
ഇന്നലെ ഉച്ചയോടെയാണ് കിഴക്കന്‍ മേഖല വിജിലന്‍സ് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദേശ പ്രകാരം കോട്ടയം വിജിലന്‍സ് യൂണിറ്റ് റെയ്ഡ് നടത്തിയത്. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കുന്നതിലും തിര, കേപ്പ് ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് മാറ്റുന്നതിലും ക്രമക്കേടുള്ളതായി പരാതിയുണ്ടായിരുന്നു. ബന്ധപ്പെട്ട ഫയലുകള്‍ തുടര്‍ പരിശോധനയ്ക്കായി വിജിലന്‍സ് സംഘം ശേഖരിച്ചു.
ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഒരു ഓഫീസറുടെ കാര്യാലയത്തിൽ വിജിലൻസ് റെയ്ഡ് നടക്കുന്നത് അപൂർവമാണ്. ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയശേഷമായിരുന്നു വിജിലൻസ് റെയ്ഡ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala vigilance, Kottayam, Vigilance raid