ജിഷാദ് വളാഞ്ചേരി
മലപ്പുറം: തിരൂരിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ ഏജന്റ്മാരായി ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ ഭരണം. മിന്നല്‍ പരിശോധനയില്‍ ഇടനിലക്കാരെ വിജിലന്‍സ് കയ്യോടെ പൊക്കി. ഏജന്റുമാരില്‍ നിന്ന് 36100രൂപയും പിടികൂടി. വേഷം മാറി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏജന്റുമാരെ പൊക്കിയത്.
അന്നാരയിലെ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷെഫീക്കിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.സി ജിംസ്റ്റല്‍, ഗസറ്റഡ് ഓഫീസര്‍ ആയ എം മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്കൂളുകളില്‍ നിന്ന് ദിവസവും പണം പിരിക്കുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുന്നുവെന്നും കണ്ടെത്തി.
ടെസ്റ്റിനെത്തുന്നവരില്‍ നിന്ന് 100 രൂപ വീതം വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരാഴ്ചയോളം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ വേഷം മാറിയെത്തി നിരീക്ഷണം നടത്തിയ ശേഷമാണ് പരിശോധനക്കെത്തിയത്. അതിനാല്‍ ഏജന്റ്മാരായി പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്കൂള്‍ ഉടമസ്ഥരെ കൈയ്യോടെ വിജിലൻസ് പിടികൂടി.
പരിശോധന നാലു മണിക്കൂറോളം നീണ്ടുനിന്നു. ഏജന്റുമാരില്‍ നിന്നും 36100 രൂപയാണ് പിടിച്ചെടുത്തത്. പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.