• HOME
  • »
  • NEWS
  • »
  • crime
  • »
  • Vijay Babu | 'സത്യം തെളിയും, കോടതിയിൽ വിശ്വാസമുണ്ട്'; 39 ദിവസത്തിന് ശേഷം വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി

Vijay Babu | 'സത്യം തെളിയും, കോടതിയിൽ വിശ്വാസമുണ്ട്'; 39 ദിവസത്തിന് ശേഷം വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി

അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും ക്ഷേത്രദർശനത്തിന് ശേഷം വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു

വിജയ് ബാബു

വിജയ് ബാബു

  • Share this:
    കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതി ചേർക്കപ്പെട്ട നിർമ്മാതാവ് വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ദുബായിൽനിന്നാണ് രാവിലെ ഒമ്പതരയോടെ വിജയ് ബാബു നെടുമ്പാശേരിയിൽ എത്തിയത്. വിമാനത്താവളത്തിൽനിന്ന് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ് വിജയ് ബാബു പോയത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും ക്ഷേത്രദർശനത്തിന് ശേഷം വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം തെളിയും, കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും ഇത്രയും നാൾ നിന്നവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    കേസിൽ പ്രതിയായതോടെ പൊലീസിനെ വെട്ടിച്ച്‌ വിദേശത്തേക്ക് കടന്ന് 39 ദിവസങ്ങള്‍ക്ക് ശേഷമാണ് വിജയ് ബാബു തിരികെയെത്തിയത്. വിജയ് ബാബു നാട്ടിലെത്തുമ്ബോള്‍ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

    ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം വിജയ് ബാബു തിരികെയെത്തിയത്. വിജയ് ബാബു ഇന്നു തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്.

    കഴിഞ്ഞ ദിവസം വാദം കേട്ട കോടതി കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് പാടില്ലെന്ന് കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

    യുവനടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു, പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയതോടെ ജോര്‍ജിയയിലേക്ക് പോയിരുന്നു. പിന്നീട് ദുബായില്‍ തിരിച്ചെത്തുകയും 30ന് നാട്ടിലെത്തുമെന്ന് കാണിച്ച്‌ കോടതിയില്‍ യാത്രാരേഖയുടെ പകര്‍പ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യാത്ര ബുധനാഴ്ചത്തേക്ക് മാറ്റിയതായി പിന്നീട് അറിയിക്കുകയായിരുന്നു.

    Also Read-വിമാന ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി; വിജയ് ബാബു കേരളത്തിലേക്ക് വരുമെന്ന് അഭിഭാഷകന്‍

    അതേസമയം വിജയ് ബാബുവിനെതിരായ കേസിൽ പൊലീസിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. കോടതിയുടെ സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലർക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബു. വാട്ട്സ്ആപ്പ് ചാറ്റുകൾ ഒക്കെ പ്രോസിക്യൂഷൻ നോക്കിയിരുന്നോ എന്നും കോടതി ആരാഞ്ഞു. വിജയ് ബാബു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുകയാണെങ്കിൽ താത്കാലിക സംരക്ഷണം നൽകാനാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

    Also Read- 'തനിക്കെതിരായ പീഡനാരോപണം മറ്റൊരു നടിക്ക് സിനിമയില്‍ അവസരം നല്‍കിയതിന്'; ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി വിജയ് ബാബു

    നടൻ നാട്ടിൽ വരുന്നതിനെ പ്രോസിക്യൂഷൻ എന്തിന് എതിർക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യൻ നിയമത്തിന് വിധേയനാകാൻ അല്ലേ അയാൾ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടിൽ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത്. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. പക്ഷേ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മീഷണർ പറയുന്നത്. പൊലീസിന്‍റെ വിശ്വാസങ്ങൾ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരന്‍റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. ആരെ കാണിക്കാനാണ് പൊലീസിന്‍റെ നാടകമെന്നും വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു.
    Published by:Anuraj GR
    First published: