മലപ്പുറം: മൺത്തിട്ട നിരത്താനുള്ള അനുമതിയ്ക്കായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് പിടിയിൽ. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റൻഡ് ഓഫീസർ കാവനൂർ വട്ടപ്പറമ്പ് ചന്ദ്രനാണ് അറസ്റ്റിലായത്. മാറാക്കര കീറി പൊട്ടേങ്ങൽ മുഹമ്മദ് മുസ്തഫ വിജിലൻസിൽ നല്‍കിയ പരാതിയിലാണ് നടപടി.
വില്ലേജ് ഓഫീസ് കെട്ടിടത്തിലെ കോണിപ്പടിയിൽ വെച്ച് പണം കൈപ്പറ്റുന്നതിനിടയിലാണ് ചന്ദ്രൻ പിടിയിലായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. സ്വാഗതമാടുള്ള ഒരു വീടിനു മുന്‍വശത്തെ ഉയര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ട നിരപ്പാക്കിക്കൊടുക്കുന്ന ജോലി മുസ്തഫ കരാറെടുത്തിരുന്നു. ഇക്കഴിഞ്ഞ 21-ന് ഇത് നിരത്തുന്നതിനിടെ സ്ഥലത്തെത്തിയ ചന്ദ്രൻ പണി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 25,000 രൂപ തന്നാലേ പണി തുടരാനാകൂയെന്നും പറഞ്ഞു. തുടർന്നാണ് മുഹമ്മദ് മുസ്തഫ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് സംഘത്തിന്റെ നിർദേശമനുസരിച്ച് പണവുമായി എത്തിയാണ് ചന്ദ്രനെ കുടുക്കുന്നത്.
ഇന്‍സ്പെക്ടര്‍മാരായ പി. ജ്യോതീന്ദ്രകുമാര്‍, ഗിരീഷ്‌കുമാര്‍, എസ്.ഐ.മാരായ പി.എന്‍. മോഹനകൃഷ്ണന്‍, എം.ആര്‍. സജി, പി.പി. ശ്രീനിവാസന്‍, എ.എസ്.ഐ.മാരായ ടി.ടി. ഹനീഫ്, മധുസൂദനന്‍, ഷിഹാബ്, സീനിയര്‍ സി.പി.ഒ.മാരായ പ്രശോഭ്, ധനേഷ്, സുനില്‍, സി.പി.ഒ.മാരായ ശ്യാമ, സന്തോഷ് എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.