രഹസ്യ മുറിയിൽ പാർപ്പിച്ചിരുന്ന 17 യുവതികളെ മോചിപ്പിച്ച് മുംബൈ പോലീസ് (Mumbai Police). അന്ധേരിയിലെ ഒരു ബാറിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനിടെ 17 സ്ത്രീകളെ രഹസ്യ മുറിയിൽ ഒളിച്ചിരിക്കുന്നതായി മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. തുടക്കത്തിൽ ആരെയും കണ്ടില്ലെങ്കിലും 15 മണിക്കൂറിന് ശേഷം യുവതികൾ ഒളിച്ചിരിക്കുന്ന ഗ്രീൻ റൂമിനോട് ചേർന്നുള്ള രഹസ്യ മുറി പൊലീസ് കണ്ടെത്തി.
രഹസ്യ മുറിയിൽ എസിയും വെന്റിലേഷനും ഉണ്ടായിരുന്നു, യുവതികൾക്ക് മണിക്കൂറുകളോളം അതിജീവിക്കാൻ ഭക്ഷണവും വെള്ളവും ശീതളപാനീയങ്ങളും ഉണ്ടായിരുന്നു. യുവതികളെ രക്ഷപ്പെടുത്തിയ പോലീസ് 20 പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു.
മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് ശനിയാഴ്ച വൈകീട്ടാണ് അന്ധേരിയിലെ ദീപ ബാറിൽ റെയ്ഡ് നടത്തിയത്. ബാറിൽ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നതായി ഒരു എൻജിഒയിൽ നിന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. രാത്രി മുഴുവൻ രഹസ്യമായി ബാർ പ്രവർത്തിക്കുമെന്നായിരുന്നു പരാതി. പോലീസ് രഹസ്യമുറി കണ്ടെത്തുന്ന വീഡിയോ ചുവടെ.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പോലീസ് ബാറിൽ റെയ്ഡ് നടത്തിയത്. എന്നാൽ, സ്ത്രീകളെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ബാറിലെ ബാത്ത് റൂമുകൾ, സ്റ്റോറേജ് റൂമുകൾ, അടുക്കള തുടങ്ങി നിരവധി സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ബാർ ഗേൾസിനെ കണ്ടെത്താനായില്ല. മണിക്കൂറുകളോളം പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തുകൊണ്ടിരുന്നുവെങ്കിലും പരിസരത്ത് ബാർ ഗേൾസ് ഇല്ലെന്ന് അവരും പറഞ്ഞു.
എന്നാൽ, രാവിലെ തന്നെ സാമൂഹ്യസേവന വിഭാഗത്തിന്റെ ഡിസിപി സ്ഥലത്തെത്തി വീണ്ടും തിരച്ചിൽ നടത്തി. ഗ്രീൻ റൂമിൽ സംശയാസ്പദമായ ഒരു ഗ്ലാസ് പാനൽ കണ്ടെത്തിയത് അപ്പോഴാണ്. പോലീസ് ഗ്ലാസ് തകർത്ത് ഒളിപ്പിച്ച ഇലക്ട്രോണിക് വാതിൽ കണ്ടെത്തി. താമസിയാതെ, ചെറിയ വാതിൽ തുറന്ന് പെൺകുട്ടികൾ പുറത്തിറങ്ങി. “അത് ഭിത്തിയിലെ ഒരു അറ പോലെയായിരുന്നു... വളരെ ചെറിയ ഒരു മുറി. ഒന്നിനു പുറകെ ഒന്നായി 17 ബാർ ഗേൾസ് മുറിയിൽ നിന്ന് പുറത്തിറങ്ങി. ഞങ്ങൾ രഹസ്യ മുറിയുടെ റിമോട്ട് കൺട്രോൾ കണ്ടെത്താൻ ശ്രമിക്കുകയാണ്, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പോലീസ് ബാർ സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: Mumbai Police released 17 girls holed up in a secret room in a bar upon receiving complaint from an NGO. A video in this regard has gone viralഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.