തിരുവനന്തപുരം: വാളയാര്‍ കേസില്‍ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. എന്‍ രാജേഷിനെ സ്ഥാനത്തു നിന്ന് മാറ്റി. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയർമാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. രാജേഷിനെ സിഡബ്ല്യൂസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവ് ഉടൻ പുറത്തിറങ്ങും.
വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് സർക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിൽ ആക്കിയിരുന്നു. പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് ശരിയായില്ലെന്ന് മന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ ബന്ധുക്കളും രാജേഷിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് രാജേഷായിരുന്നു. എന്നാൽ വിചാരണ വേളയിൽ ഇദ്ദേഹത്തെ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കി. തുടർന്ന് നടപടി വിവാദമായതോടെ ആണ് രാജേഷ് കേസ് മറ്റ് അഭിഭാഷകർക്ക് കൈമാറിയത്.
പ്രോസിക്യൂഷന്റെ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ രാജേഷ് കൂട്ടു നിന്നെന്ന ആരോപണമാണ് നിയമസഭയിൽ അടക്കം സർക്കാരിനെതിരെ ഉയർന്നത്. സർക്കാരിനെതിരായ പ്രതിഷേധം നിയമസഭക്ക് അകത്തും പുറത്തും ശക്തമായതിന് പിന്നാലെയാണ് സർക്കാർ നടപടിക്ക് മുതിർന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
വാളയാർ പീഡനകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കേസിൽ തെളിവുകാൾ ഹാജരാക്കാൻ കഴിയാത്തതിനെതുടർന്നായിരുന്നു കോടതി പ്രതികളെ വെറുതെ വിട്ടത്. കേസിൽ അപ്പീലിന് പോകാനൊരുങ്ങുകയാണ് പൊലീസ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.