• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇൻഡിഗോ ജീവനക്കാർ പ്രതിയായ സ്വർണക്കടത്ത് കേസ്; ഒളിവിലായിരുന്ന വയനാട് സ്വദേശി കീഴടങ്ങി

ഇൻഡിഗോ ജീവനക്കാർ പ്രതിയായ സ്വർണക്കടത്ത് കേസ്; ഒളിവിലായിരുന്ന വയനാട് സ്വദേശി കീഴടങ്ങി

വിമാനത്താവളത്തിന് പുറത്തെത്തി ഒരു ടാക്സി വിളിച്ചു  സ്വന്തം നാടായ വയനാട്ടിലേക്ക് പോയി.

  • Share this:
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാന ജീവനക്കാർ പ്രതികളായ സ്വർണക്കടത്ത് കേസിൽ ഒളിവിൽ ആയിരുന്നയാൾ കസ്റ്റംസിന് മുൻപിൽ കീഴടങ്ങി. വയനാട് സ്വദേശി അഷ്കർ അലി കൊപ്രകോടൻ ആണ് കീഴടങ്ങിയത്. മഞ്ചേരിയിൽ ഫോറസ്റ്റ് മജിസ്ട്രേറ്റ് കോടതിയുടെ മുമ്പാകെ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 12 ന് ആണ് കോഴിക്കോട് എയർ കസ്റ്റംസ്  ഇന്റലിജൻസ് വിഭാഗം  5 കിലോ സ്വർണം മിശ്രിതം ഇൻഡിഗോ വിമാനത്തിൽ വന്ന ഒരു യാത്രക്കാരന്റെ ബാഗിൽ നിന്നും പിടികൂടിയത്.

വയനാട് സ്വദേശി അഷ്കർ അലി കൊപ്രകോടൻ എന്ന യാത്രക്കാരന്റെ ബാഗിൽ നിന്നായിരുന്നു ഈ സ്വർണ്ണമിശ്രിതം  പിടികൂടിയത്. സ്വർണം കസ്റ്റംസ് പിടിച്ചത് അറിഞ്ഞ മുതൽ ഇയാൾ ഒളിവിൽ ആണ്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ഇൻഡിഗോ സ്റ്റാഫിനെ കസ്റ്റംസ് പിടികൂടിയിരുന്നു. അഷ്കർ അലിയുടെ മൊഴിപ്രകാരം അയാൾക്ക് കിട്ടിയ നിർദേശം 5  കിലോ സ്വർണം അടങ്ങിയ ബാഗ് വിമാനത്തിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു.  വിമാനത്താവളത്തിന് പുറത്തെത്തി ഒരു ടാക്സി വിളിച്ചു  സ്വന്തം നാടായ വയനാട്ടിലേക്ക് പോയി.

ഒരു കാരിയർ പാസഞ്ചർ എന്ന നിലയിൽ ഇയാൾക്ക് 60,000 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. ഇത് നൽകാമെന്ന് ഏറ്റത് ദുബായിലെ കള്ളക്കടത്തുകാരായ ഷബീബ്, ജലീൽ എന്നിവരായിരുന്നു. ഇയാൾക്ക് വാഗ്ദാനം ചെയ്ത 60000 രൂപ വിമാനത്താവളത്തിൽ പുറത്തെത്തിക്കഴിഞ്ഞാൽ അവരുടെ ആളുകൾ ബന്ധപ്പെടുമെന്നും അറുപതിനായിരം രൂപ എത്തിച്ചു കൊടുക്കും എന്നുമായിരുന്നു വാഗ്ദാനം. അന്നേദിവസം രാത്രി ദുബായിൽ നിന്നും കള്ളക്കടത്തുകാർ റിയാസിനെ ഫോണിൽ ബന്ധപ്പെടുകയും സ്വർണ്ണം കസ്റ്റംസ് പിടികൂടിയിട്ടുണ്ടെന്ന് അറിയിക്കുകയും ഉടൻതന്നെ മറ്റെവിടെയെങ്കിലും മാറി താമസിക്കുവാൻ നിർദ്ദേശം കൊടുക്കുകയും ചെയ്തു.

അതുപ്രകാരം അഷ്കർ അലി ബാംഗ്ലൂർ വഴി ഡൽഹിയിലെത്തി.  അവിടെ നിന്നും നേപ്പാൾ  കാഠ്മണ്ഡു വിമാന താവളം വഴി ദുബായിലേക്ക് പോകുവാനും തീരുമാനിച്ചു. ഇതിനായി നേപ്പാളിലെ ഒരു ടിക്കറ്റ് ഏജൻസി സമീപിച്ചപ്പോൾ ഇന്ത്യക്കാർക്ക് വിദേശത്തേക്ക് പോകുന്നതിനായി ഇന്ത്യൻ എംബസിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ് എന്ന വിവരം അറിഞ്ഞു. ഇതിനായി ഇന്ത്യൻ എംബസിയെ സമീപിച്ചാൽ തന്റെ പേരിൽ ലുക്ക് ഔട്ട്  നോട്ടീസ് ഉള്ളതു കാരണം പിടികൂടപ്പെടും എന്ന് കരുതി ആ തീരുമാനം വേണ്ടെന്നു വെച്ച് തിരിച്ച് ഡൽഹി വഴി നാട്ടിലെത്തി.

ഇതിനിടയിൽ ഇയാൾ പലതവണ ഈ കള്ളക്കടത്തുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും തന്നെ ഫോൺ എടുക്കുക ഉണ്ടായില്ല.  മറ്റൊരു തരത്തിലും രക്ഷ ഇല്ലെന്ന അവസ്ഥയിൽ അഷ്കർ കസ്റ്റംസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു. മുമ്പ്  കള്ളക്കടത്ത് കേസിലോ മറ്റു കേസുകളിലോ പെടുന്ന ആളുകൾ നേപ്പാൾ വിമാനത്താവളം വഴിയാണ് വിദേശത്തേക്ക് പോയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം മൂന്നാമതൊരു രാജ്യത്തേക്ക് കാഠ്മണ്ഡു വഴി പോകുന്നതിന് ഇന്ത്യൻ എംബസിയുടെ അനുമതി വേണമെന്ന് നിർദ്ദേശം ഇത്തരക്കാർക്ക് വിനയായി മാറിയിരിക്കുകയാണ്.

കേസിലെ മുഖ്യപ്രതികൾ  കോഴിക്കോട് കരുവന്തിരി സ്വദേശി റിയാസ്, കൊടുവള്ളി സ്വദേശികളായ ഷബീബ് ഹുസ്സൈൻ, ജലീൽ നേർകൊട്ടുപോയിൽ എന്നിവർ  ആണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് . ഇവർ എല്ലാം ഒളിവിൽ ആണ്. ഈ മാസം 16 ന്  റിയാസ് കാറിൽ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ ഭാഗത്ത് വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കാർ തടഞ്ഞുനിർത്തി പിടികൂടാൻ ശ്രമിച്ചു എങ്കിലും ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിച്ച്  സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പേരിലു കരിപ്പൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

പിന്നീട് കരിപ്പൂർ പോലീസ് റിയാസിന്റെ കാർ ഫറോക്കിലെ ഒരു ബന്ധുവിന്റെ വാടകവീട്ടിൽ നിന്നും കണ്ടെടുക്കുകയും അത് പിടിച്ചെടുക്കുകയും ചെയ്തു.    ഇതിനിടയിൽ ഇതേ സംഘത്തിന് വേണ്ടി കള്ളക്കടത്ത് നടത്തിയ സമീർ അറാംതൊടി എന്നൊരു യാത്രക്കാരനെ കസ്റ്റംസ് പിടികൂടുകയും ഉണ്ടായി. കൂടാതെ റിയാസിന്റെ ഡ്രൈവറായി സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന ഷാമിൽ എന്നയാളെ കസ്റ്റംസ് വീട്ടിൽ നിന്നും പിടികൂടുകയും അയാളെ അറസ്റ്റ് ചെയ്യുകയുണ്ടായി. സ്വർണക്കടത്തിന് ഉപയോഗിച്ച ഒരു ക്രെറ്റ കാറും കസ്റ്റംസ്  പിടിച്ചെടുത്തിട്ടുണ്ട്.
Published by:Naseeba TC
First published: