• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

എടപ്പാൾ തീയറ്റർ പീഡനക്കേസിൽ എസ് ഐ ചെയ്ത കുറ്റമെന്ത് ?


Updated: May 15, 2018, 1:14 PM IST
എടപ്പാൾ തീയറ്റർ പീഡനക്കേസിൽ എസ് ഐ ചെയ്ത കുറ്റമെന്ത് ?

Updated: May 15, 2018, 1:14 PM IST
ശ്യാം ദേവരാജ് (സീനിയർ റിപ്പോർട്ടർ, ന്യൂസ് 18 കേരളം)

ലോകത്തിന്റെ പല മേഖലകളില്‍ പല കോണുകളില്‍ വ്യത്യസ്ത രീതിയിലാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരം സംഭവിക്കുന്നത്. കശ്മീരിലെ കഠുവയില്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസുകാരി മുതല്‍ മലപ്പുറത്ത് തിയേറ്ററിനുള്ളില്‍ ലൈംഗിക കുറ്റകൃത്യത്തിന് ഇരയായ പത്തു വയസുകാരി വരെ അതിക്രമത്തിന്റെ വിവിധ തലങ്ങളാണ്. കുട്ടികള്‍ക്കെതിരായ ഓരോ അതിക്രമവും ക്രൂരതയാണ്. അതിലേറ്റവും നികൃഷ്ടമാണ് പിഞ്ചു കുഞ്ഞുങ്ങള്‍ക്കെതിരായ കാമവെറി.

ആ ഇരുട്ടില്‍ എന്തു സംഭവിച്ചു ?
Loading...
ഏപ്രില്‍ 18ന് മലപ്പുറം എടപ്പാള്‍ ശാരദാ തിയേറ്ററില്‍ മോഹന്‍ലാല്‍ എന്ന ചിത്രം കാണാന്‍ ഒരു സ്ത്രീയെയും കുട്ടിയേയും കൂട്ടി ഒരാളെത്തി. തിയേറ്ററിന്റെ അരണ്ട വെളിച്ചത്തിനുള്ളില്‍,കൊച്ചു പെണ്‍കുട്ടിയുടെ സ്വകാര്യതകളിലേക്ക് കൈകടത്തി അയാള്‍ ചെയ്തതെല്ലാം സിസിടിവിയില്‍ പതിഞ്ഞു.

സിസിടിവി ദൃശ്യങ്ങളിലൂടെ തിയേറ്റര്‍ മാനേജര്‍ കുറ്റകൃത്യം സംബന്ധിച്ച വിവരം ആദ്യം തിരിച്ചറിഞ്ഞു. സിസി ദൃശ്യങ്ങളിലൂടെ അവര്‍ വന്ന കാര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ആ ആളെയും. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി എന്ന സ്വര്‍ണ വ്യാപാരിയാണ് 45 കിലോമിറ്റര്‍ അകലെനിന്നും എടപ്പാളിലേക്ക് എത്തിയത്. കൂടെ വന്ന സ്ത്രീയുടെ മകളായിരുന്നു ആ പെണ്‍കുട്ടി.

കുട്ടികളുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ചൈല്‍ഡ് ലൈനിലേക്ക് പെണ്‍കുട്ടിക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച വിവരം എത്തുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ബാല ലൈംഗികപീഡനം ശ്രദ്ധയോടെ കൈകാര്യം ചെയ്തത് രണ്ട് പേര്‍. കൗമാരക്കാരായ പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട അഡോളസെന്റ് കൗണ്‍സിലര്‍ ധന്യ ആബിദ്. ഒപ്പം ചൈല്‍ഡ് ലൈന്‍ പൊന്നാനി കോര്‍ഡിനേറ്റര്‍ ഷിഹാബ്.

ദൃശ്യങ്ങളുടെ ഗൗരവാവസ്ഥ ബോധ്യപ്പെട്ട ഇരുവരും ചൈല്‍ഡ് ലൈനിന്റെ ആധികാരികത മുന്‍നിര്‍ത്തി തെളിവുകള്‍ ഉള്‍പ്പെട്ട പരാതി ഏപ്രില്‍ 24ന് ചങ്ങരംകുളം പൊലീസിന് രേഖാമൂലം നല്‍കി. അതീവ ഗുരുതര കുറ്റകൃത്യത്തിന്മേല്‍ കൃത്യമായ പരാതി ലഭിച്ചിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ചങ്ങരംകുളം പൊലീസ് തയ്യാറായില്ല. കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ പിന്നെയും രണ്ടാഴ്ചയിലേറെ കഴിഞ്ഞ് മാധ്യമ വാര്‍ത്തകളിലൂടെ പുറത്തു വരുമ്പോള്‍ മാത്രമാണ് പൊലീസ് കേസെടുക്കുന്നത്.

എസ്ഐയുടെ വീഴ്ച

പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാല്‍ ഉടന്‍ അത് കോടതിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. അഥവാ എഫ്ഐആര്‍ എടുത്ത് അന്വേഷിക്കണം. എന്നാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കൂടി ചുമതലയുണ്ടായിരുന്ന എസ്ഐ കെജി ബേബി ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച വരുത്തി. പോക്സോ നിയമത്തിലെ 19, 21(1) വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 166 (എ) വകുപ്പും അനുസരിച്ചാണ് ചങ്ങരംകുളം എസ്ഐ കെജി ബേബിക്കെതിരായ നടപടി.

ചൈല്‍ഡ് ലൈന്‍ നല്‍കിയ ആധികാരികമായ പരാതിയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളും ഉണ്ടായിട്ടും കേസെടുക്കാതെ സംഭവം രണ്ടാഴ്ചയിലധികം മൂടിവച്ചു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ട ഒരു കേസില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് പോക്സോ നിയമത്തിലെ 19-ാം വകുപ്പ് പറയുന്നത്. 19-ാം വകുപ്പ് അനുസരിച്ച് നടപടി സ്വീകരിക്കേണ്ട കേസില്‍ വീഴ്ച വരുത്തിയതിനാണ് 21(1) വകുപ്പ് അനുസരിച്ചുള്ള നടപടി. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ യഥാസമയം കേസ് എടുക്കാത്തതിന് എസ്ഐക്ക് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാം.

കുട്ടികള്‍ക്കെതിരായ അതിക്രമം: ദേശീയ ബാലാവകാശ കമ്മീഷന്റെ കണക്കുകള്‍

2015ല്‍ രാജ്യത്തെമ്പാടും പോക്സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തത് 94,172 കേസുകള്‍. 2016ല്‍ മാത്രം അധികമായി 12, 786 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അതായത് ആകെ 1,06,958 കേസുകള്‍. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മൂന്നിലൊന്നും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് പോക്സോ നിയമത്തിന് കീഴിലാണ്. ലൈംഗിക അതിക്രമം മുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ചിത്രങ്ങള്‍ വരെ ഇത്തരം കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുമെന്നും ദേശീയ ബാലാവകാശ കമ്മീഷനും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ലൈംഗിക അതിക്രമത്തിന് പുറമേ, തട്ടിക്കൊണ്ടുപോകല്‍, കുട്ടിക്കടത്ത്, ബാലവിവാഹം, വേശ്യാവൃത്തിക്കായി ഉപയോഗിക്കല്‍ തുടങ്ങിയവയും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും. കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പോക്സോ നിയമം നിലവിലുണ്ട്. എന്നാല്‍ കുറ്റകൃത്യ പ്രതിരോധ സംവിധാനം ഫലപ്രദമല്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യു'വിന്റെ നിലപാട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്താകമാനം കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമം പരിശോധിക്കപ്പെടുന്നത്.

പോക്സോ നിയമത്തിന് മുന്‍പ്

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ രാജ്യത്ത് കേസെടുക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചായിരുന്നു. ഐപിസി - 376 (ബലാത്സംഗം), 354 (സ്ത്രീകളുടെ ആത്മാഭിമാനം കളങ്കപ്പെടുത്തല്‍), 377 (പ്രകൃതി വിരുദ്ധ പീഡനം) തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചായിരുന്നു കേസ്. രാജ്യത്ത് ഏതൊരു സ്ത്രീയ്ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ സ്വീകരിക്കുന്ന നിയമ നടപടികള്‍ മാത്രമായിരുന്നു കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ 'കുട്ടികള്‍' എന്ന നിര്‍വചനത്തിനുള്ളില്‍ ശക്തമായി ഉപയോഗിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. തുടര്‍ന്നാണ് കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ നിയമ നടപടി സ്വീകരിക്കുന്നതിന് പുതിയ നിയമത്തിന്റെ സാധ്യതകള്‍ ഉയര്‍ന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമം

Protection of Children from Sexual Offences (POCSO) Act 2012 അഥവ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം 2012ലാണ് രാജ്യത്തെ നിയമ നിര്‍മ്മാണ സഭയായ പാര്‍ലമെന്റ് പാസാക്കിയത്. നിയമത്തിലെ നിര്‍വചന പ്രകാരം 18 വയസില്‍ താഴെ പ്രായമുള്ളവരെ കുട്ടികളായി കണക്കാക്കുന്നു. കുട്ടികള്‍ക്കെതിരായ ഏത് ലൈംഗിക അതിക്രമത്തിലും പൊലീസ് നിയമ നടപടി സ്വീകരിക്കുന്നത്, കേസെടുക്കുന്നത് പോക്സോ നിയമപ്രകാരമാണ്. നിയമം അനുസരിച്ച് ഇരയാക്കപ്പെട്ട കുട്ടിയുടെ ലിംഗ പരിഗണനകള്‍ക്കപ്പുറമാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന്മേലുള്ള ശിക്ഷ.

ഇരയാക്കപ്പെടുന്നത് പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും നിയമം പരിഗണിക്കുന്നത് ഒരുപോലെ തന്നെ. എല്ലാ തരത്തിലുമുള്ള പെനട്രേഷനും പോക്സോ നിയമം അനുസരിച്ച് കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ചിത്രങ്ങള്‍ കാണുന്നതും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് പ്രേരിപ്പിക്കുന്നതും പോക്സോ നിയമം അനുസരിച്ച് കുറ്റകരമാണ്. കുറ്റകൃത്യത്തിന്മേലുള്ള വിചാരണ കൂടുതല്‍ വേഗത്തിലാക്കുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും ഈ നിയമത്തിലൂടെ കഴിയുന്നു.

മലപ്പുറത്ത് തീയറ്ററിനുള്ളിലെ പീഡനവും പോക്സോ നിയമവും

ടെലിവിഷന്‍ ചാനലിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്നു മൂന്നു മണിക്കൂറില്‍ കേസിലെ മുഖ്യപ്രതി മൊയ്തീന്‍ കുട്ടി അറസ്റ്റിലായി. പിറ്റേദിവസം അമ്മയുടെ അറസ്റ്റും രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തില്‍ മൊയ്തീനെതിരെ പോക്സോ നിയമത്തിലെ 9, 10, വകുപ്പുകള്‍ ചുമത്തി. അമ്മയ്ക്കെതിരെ അതേ നിയമത്തിലെ 16-ാം വകുപ്പും. പ്രതികളെ രണ്ടുപേരെയും മജിസ്ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പീഡനത്തിനിരയായ കുഞ്ഞിനെ ആദ്യം സര്‍ക്കാരിന്റെ സംരക്ഷണയിലേക്കും തുടര്‍ന്ന് ബന്ധുക്കള്‍ക്കും കൈമാറി.

ലളിത കുമാരിയെന്ന ആറുവയസുകാരിയും എഫ്ഐആറും

ലളിതകുമാരിയെന്ന ആറ് വയസുകാരിയായ ഉത്തര്‍പ്രദേശുകാരിയുടെ പേര് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് രാഷ്ട്രീയ വിവാദം കത്തിനിന്ന ബാര്‍ കോഴ കേസിന്റെ സമയത്താണ്. ലളിത കുമാരി കേസ് പരാമര്‍ശിക്കാന്‍ കാരണമുണ്ട്. അതീവ ഗൗരവമേറിയ കേസുകളില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ലളിത കുമാരി കേസില്‍ സുപ്രിംകോടതിയുടെ നിര്‍ദേശം. ക്രിമിനല്‍ നടപടിക്രമം 154-ാം വകുപ്പ് അനുസരിച്ചുതന്നെ നിയമ നിര്‍മ്മാണ സഭയുടെ മനസിലുള്ളത് വ്യക്തമാണെന്നും കോടതി കേസില്‍ നിരീക്ഷിച്ചു. ഈ കേസ് പശ്ചാത്തലമായി എടുത്താല്‍, അതീവ ഗുരുതര കുറ്റകൃത്യങ്ങള്‍ (ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകള്‍, അഴിമതി കേസുകള്‍, വിവാഹ സംബന്ധമായ കേസുകള്‍ തുടങ്ങിയവ) സംബന്ധിച്ച വിവരം ലഭിച്ചാലുടന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം.

പോക്സോ നിയമത്തില്‍ ചുമത്തപ്പെട്ട വകുപ്പുകള്‍

മൊയ്തീന്‍ കുട്ടിയെ ഒന്നാം പ്രതിയാക്കിയും പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതി ചേര്‍ത്തുമാണ് ചങ്ങരംകുളം പൊലീസ് പോക്സോ നിയമം അനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മൊയ്തീന്‍ കുട്ടിക്കെതിരെ പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം (ബലാത്സംഗത്തിന് സമമായ) ലൈംഗിക പീഡനത്തിന് കേസെടുത്തു. ജീവ പര്യന്തം വരെ നീളാവുന്ന പത്ത് വര്‍ഷത്തില്‍ കുറയാത്ത കഠിനതടവും പിഴയുമാണ് ശിക്ഷ.

പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നത് നിര്‍വചിക്കുന്നതാണ് പോക്സോ നിയമത്തിലെ 9 (എം) വകുപ്പ്. ഏഴ് വര്‍ഷം വരെ ശിക്ഷ നീളാവുന്ന അഞ്ച് വര്‍ഷത്തില്‍ കുറയാത്ത കഠിന തടവും പിഴയുമാണ് ബന്ധപ്പെട്ട വകുപ്പ് അനുസരിച്ചുള്ള ശിക്ഷ. ഇതും മൊയ്തീന്‍ കുട്ടിക്കെതിരെ ചുമത്തി.

നിയമത്തിലെ പതിനാറാം വകുപ്പ് അനുസരിച്ചാണ് കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയെന്നതാണ് ചുമത്തിയ കുറ്റം. കുറ്റകൃത്യം നടത്തുന്നതിനുള്ള സഹായം നല്‍കുന്നതും ഗൂഢാലോചനയും എല്ലാം ഈ വകുപ്പ് അനുസരിച്ചുള്ള നിര്‍വചനത്തിന്റെ പരിധിയില്‍ വരും. ഒപ്പം ചുമത്തപ്പെട്ട കുറ്റകൃത്യത്തിനുള്ള വകുപ്പില്‍ നിര്‍വചിച്ച ശിക്ഷ പതിനാറാം വകുപ്പ് അനുസരിച്ചും ലഭിക്കും.

മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രാഥമികമായി ചുമത്തപ്പെട്ട കുറ്റങ്ങളാണിത്. പ്രഥമ വിവര റിപ്പോര്‍ട്ടിലെ വകുപ്പുകള്‍ കുറവ് ചെയ്യാനും പുതിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനുമെല്ലാം എപ്പോഴും അന്വേഷണ ഉദ്യോഗസ്ഥന് കഴിയും. കോടതിയുടെ പരിശോധനയ്ക്ക് വിധേയമായി ഇത് പരിഗണിക്കപ്പെടും. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അഥവാ കുറ്റപത്രം നല്‍കുന്നതുവരെ ഇത്തരം വകുപ്പുകളില്‍ മാറ്റം വരാം.

വിമര്‍ശനത്തിന് പിന്നാലെ ചുമത്തപ്പെട്ടത് ശക്തമായ വകുപ്പുകള്‍

താരതമ്യേന കുറഞ്ഞ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകള്‍ അനുസരിച്ചാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തത് എന്ന വിമര്‍ശനമുയര്‍ന്നതോടെ പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട വകുപ്പുകളില്‍ മാറ്റം വന്നു. കൂടുതല്‍ കഠിനമായ ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

പോക്സോ നിയമത്തിലെ 5(എല്‍), (എം) വകുപ്പുകളും കൂടി ഒന്നാം പ്രതി മൊയ്തീന്‍ കുട്ടിക്കെതിരെ ചുമത്തി. ഒരു തവണയോ ഒന്നിലധികം തവണയോ ഇരയായ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പെനട്രേഷന്‍ നടത്തുന്നത് സംബന്ധിച്ച കുറ്റമാണ് 5 (എല്‍) വകുപ്പില്‍ നിര്‍വചിച്ചിരിക്കുന്നത്. 5 (എം) വകുപ്പില്‍ സമാനമായ കൃത്യം 12 വയസില്‍ താഴെയുള്ള കുട്ടിക്കെതിരെ നടത്തിയെന്ന കുറ്റവും നിര്‍വചിച്ചിരിക്കുന്നു. പത്ത് വര്‍ഷത്തില്‍ കുറയാത്ത കഠിന തടവാണ് ഇതിനുള്ള കുറഞ്ഞ ശിക്ഷ. ഇത് ജീവപര്യന്തം വരെ നീളാം. പിഴയും ഒടുക്കണം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 375 (ബി), 376(2(1)) വകുപ്പുകളും പിന്നീട് ഒന്നാം പ്രതി മൊയ്തീന്‍ കുട്ടിക്കെതിരെ ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം (പുരുഷ ജനനേന്ദ്രിയമല്ലാതെ മറ്റൊന്നിനാല്‍ ലൈംഗിക കുറ്റകൃത്യത്തിന് ഇരയാക്കുക), പതിനാറ് വയസില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുക തുടങ്ങിയവയാണ് ഈ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍. ജീവിതാവസാനം വരെയുള്ള ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഇതോടെ പരമാവധി ശിക്ഷ ഉറപ്പിക്കാവുന്ന വകുപ്പുകള്‍ മുഖ്യപ്രതിക്കെതിരെ ചുമത്തപ്പെട്ടു.

ഐപിസി 166 (എ) വകുപ്പിന്റെ കുരുക്ക്

എസ്‌ഐ കെജി ബേബിക്ക് പോക്സോ നിയമം മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും നിയമ നടപടി നേരിടേണ്ടി വരും. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അറിവ് ലഭിച്ചാല്‍ ഉടന്‍ കേസെടുക്കണമെന്നാണ് പോക്സോ നിയമം 19-ാം വകുപ്പ് അനുസരിച്ചുള്ള വ്യവസ്ഥ. നിയമപരമായ ഈ സാധ്യതയെ മറികടക്കുന്നത് നിയമത്തെ അനുസരിക്കാത്തതായി പരിഗണിക്കും. എസ്ഐ ചെയ്തതും ഇതുതന്നെ. വ്യവസ്ഥാപിതമായ നിയമത്തെ അനുസരിച്ചില്ല. മറ്റൊരാള്‍ക്ക്, ഇരയായ പെണ്‍കുട്ടിക്ക്, നീതി നിഷേധം സൃഷ്ടിക്കും വിധം പ്രവര്‍ത്തിക്കുകയും ചെയ്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ബാധ്യതപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് കെജി ബേബി. അതിനാല്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ ഐപിസി 166 (എ) പ്രകാരം ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഇനിയുള്ള നിയമനടപടിക്രമങ്ങള്‍

ഇരയായ കുട്ടിയുടെ സുരക്ഷയും സംരക്ഷണവും നിയമപരമായിത്തന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടിക്ക് ആവശ്യമായ നിയമ സഹായവും നല്‍കണം. കുറ്റകൃത്യം സംബന്ധിച്ച് കുട്ടിയുടെ മൊഴി പൊലീസിന് രേഖപ്പെടുത്താം. കുട്ടിയുടെ ഐഡന്റിറ്റി വെളിവാകുന്ന ഒരു കാര്യവും സംഭവിക്കാന്‍ പാടില്ല. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതുവരെ മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ തുടരും. പോക്സോ നിയമം അനുസരിച്ച് ജില്ലാ - സെഷന്‍സ് കോടതിയുടെ നിലവാരത്തില്‍ കുറയാത്ത പ്രത്യേക കോടതിയിലാവും വിചാരണ.

ബാലാവകാശ കമ്മീഷന്‍ നിയമം അനുസരിച്ച് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പരിഗണിക്കാന്‍ ജില്ലയില്‍ ഒരു കോടതി സ്ഥാപിക്കണം. ചുമതല നല്‍കുകയുമാകാം. ബാലാവകാശ കമ്മീഷന്‍ നിയമം അനുസരിച്ച് സ്ഥാപിക്കപ്പെട്ട കോടതികള്‍ നിലവിലുണ്ടെങ്കില്‍ വിചാരണ അവിടേക്ക് മാറ്റും. പ്രത്യേക കോടതിയിലേക്ക് നടപടിക്രമങ്ങള്‍ മാറ്റപ്പെട്ടാല്‍ 30 ദിവസത്തിനകം അന്വേഷണവും തെളിവ് ശേഖരണവും ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കണം. കേസിലെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണം. അടച്ചിട്ട കോടതി മുറിക്കുള്ളിലാവും വിചാരണ. സാധ്യമെങ്കില്‍ കേസെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും പോക്സോ നിയമം നിര്‍വചിക്കുന്നുണ്ട്.

Reference:-

1. Protection of Children from Sexual Offences (POCSO) Act, 2012

2. National Commission for Protection of Child Rights Act, 2005

3. Code of Criminal Procedure, 1973

4. Indian Penal Code, 1860

5. Statistics from National Crime Records Bureau

6. Lalita Kumari v. the State of UP (2014) 2 SCC 1
First published: May 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍