• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

കോട്ടയത്തെ സിപിഎം നേതാക്കള്‍ ഇടപെട്ടിട്ടും കെവിനെ കൊല്ലാന്‍ കൂട്ടുനിന്ന ആ വിഐപി ആര്?

news18
Updated: May 28, 2018, 7:17 PM IST
കോട്ടയത്തെ സിപിഎം നേതാക്കള്‍ ഇടപെട്ടിട്ടും കെവിനെ കൊല്ലാന്‍ കൂട്ടുനിന്ന ആ വിഐപി ആര്?
news18
Updated: May 28, 2018, 7:17 PM IST
തിരുവനന്തപുരം: പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തുടക്കം മുതലേ സി.പി.എം പ്രദേശിക നേതാക്കള്‍ ഇടപെട്ടിട്ടും കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ തെന്മലയിലെ ഡി.വൈ.എഫ്.ഐ സംഘത്തിന് ധൈര്യം നല്‍കിയ വി.ഐ.പി ആര്?. കൊലയാളി സംഘത്തെ പിടികൂടാനായില്ലെങ്കിലും നിരവധി സംശയങ്ങളാണ് കേരളത്തിന്റെ തലതാഴ്ത്തിച്ച ദുരഭിമാനക്കൊലയ്ക്കു പിന്നാലെ ഉയര്‍ന്നു വരുന്നത്.

കൊലയാളി സംഘത്തില്‍പ്പെട്ടവരും കൊല്ലപ്പെട്ട കെവിനും കുടുംബവും കടുത്ത സി.പി.എം അനുഭാവികളാണ്. കെവിന്റെയും നീനുവിന്റെയും പ്രണയം പൊലീസിനു മുന്നില്‍ എത്തിയപ്പോഴും പ്രശ്‌നത്തിലിടപെട്ട് സമവായത്തിനു ശ്രമിച്ചത് പ്രാദേശിക സി.പി.എം നേതാക്കളായിരുന്നു. പാര്‍ട്ടിയുമായി അത്രയ്ക്ക് അടുപ്പമാണ് കെവിന്റെ കുടുംബത്തിനുണ്ടായിരുന്നത്. പിതൃസഹോദരന്‍ ബൈജി പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയും.

മെയ് 24-ന് കോട്ടയത്തെത്തിയ നീനു വൈകിട്ട് 7.30-നാണ് താന്‍ വിവാഹിതയായെന്ന വിവരം ഫോണ്‍വിളിച്ച് വീട്ടുകാരെ അറിയിക്കുന്നത്. പിറ്റേന്ന് നീനുവിന്റെ പിതാവ് ചാക്കോയും ബന്ധുക്കളും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. ഇതിനു പിന്നാലെ നീനുവിനെയും കെവിനെയും പൊലീസ് വിളിച്ചു വരുത്തി. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്ന് നീനു ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ക്കൊപ്പം മടങ്ങാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ സമയം ഡി.വൈ.എഫ്.ഐ നേതാക്കളായ ശ്രീമോനും പി.എം സുരേഷും കെവിന് സഹായവുമായി പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു. ഈ നേതാക്കളുടെ സാന്നിധ്യം ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ നേതാക്കളുടെ സാന്നിധ്യവും ഇടപെടലും മുഖവിലയ്‌ക്കെടുക്കാതെ നീനുവിനോട് മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്നു പറയാന്‍ എസ്.ഐക്ക് ധൈര്യം നല്‍കിയത് ആരുടെ, ഏതു നേതാവിന്റെ ഇടപെടലിലാണ്?.

സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ നീനുവിനെ ആക്രമിക്കാന്‍ പിതാവ് ശ്രമിച്ചപ്പോഴും പൊലീസ് കാഴ്ചക്കാരായി. ഇവിടെയും പ്രതിരോധം തീര്‍ത്തത് ഡി.വൈ.എഫ്.ഐ സി.പി.എം പ്രവര്‍ത്തകരായിരുന്നെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. കെവിന്റെ പിതൃസഹോദരനും ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയും മറ്റു പ്രാദേശിക നേതാക്കളും ഇടപെട്ടാണ് നീനുവിനെ അമ്മഞ്ചേരിയിലെ ഹോസ്റ്റലിലേക്കും കെവിനെ മാന്നാനത്തെ ബന്ധു വീട്ടിലേക്കും മാറ്റിയത്. കേസില്‍ തുടക്കം മുതലേ എസ്.ഐയുടെ സമീപനം അലംഭാവത്തോടെയായിരുന്നതായി പ്രശ്നത്തില്‍ ഇടപെട്ട പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയില്‍ സ്ഥിരീകരിക്കുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടിട്ടും എസ്.ഐ നീതിപൂര്‍വ്വകമായി പെരുമാറിയില്ലെന്നതില്‍ അസ്വാഭാവികതയുണ്ട്. അതുകൊണ്ടു കൂടിയാണ് നീനു ചാക്കോയുടെ കുടുംബത്തിനു വേണ്ടി ഇടപെട്ട വി.ഐ.പിയെ കുറിച്ചുള്ള സംശയവും അഭ്യൂഹവും ശക്തമാകുന്നത്.

സി.പി.എം പ്രദേശിക നേതാക്കളും ഡി.വൈ.എഫ്.ഐ സഖാക്കളും സംരക്ഷണമൊരുക്കിയിട്ടും കെവിന്റെ ഒളിത്താവളമായ മാന്നാനത്തെ ബന്ധുവീട് തെന്മലയില്‍ നിന്നെത്തിയ സംഘം പാതിരാത്രിയില്‍ എങ്ങനെ കണ്ടെത്തിയെന്നതും കൂടുതല്‍ സംശയത്തിനിടയാക്കുന്നതാണ്. അതേസമയം കെവിന്റെ പാര്‍ട്ടി ബന്ധങ്ങളെ വെല്ലുന്നതരത്തിലുള്ള ഇടപെടലാണ് തെന്മലയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലുള്ള കൊലയാളി സംഘം നടത്തി. ഇങ്ങനെയാണ് കോട്ടയത്തെ പ്രദേശിക നേതാക്കളെ നിഷ്പ്രഭരാക്കി വി.ഐ.പി നേതാവ് പ്രശ്‌നത്തില്‍ ഇടപെടുന്നതും പൊലീസിനെ നീനുവിന്റെ കുടുംബത്തിന് അനുകൂലമാക്കിയതും.

കൊലയാളി സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നിയാസ് സിനിമാ താരങ്ങള്‍ക്കു സുരക്ഷയൊരുക്കുന്ന ബൗണ്‍സര്‍ സംഘത്തിലെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Loading...

കെവിന്റെ കുടുംബത്തിനു പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടായിട്ടും പൊലീസിനെ വരുതിയിലാക്കാന്‍ നീനുവിന്റെ അമ്മാവന്റെ മകന്‍കൂടിയായ നിയാസിന് സാധിച്ചത് തിരുവനന്തപുരത്തും കൊല്ലത്തുമുണ്ടായിരുന്ന ശക്തമായ പാര്‍ട്ടി ബന്ധങ്ങളാണെന്നാണ് സൂചന. ഇങ്ങനെയാണ് കോട്ടയത്തെ പാര്‍ട്ടി നേതാക്കള്‍ ഒരുക്കിയ സുരക്ഷയ്ക്കും മീതെ തിരുവനന്തപുരത്തു നിന്നുള്ള വി.ഐ.പിയുടെ തീട്ടൂരമെത്തിയതെന്നു വ്യക്തം.
First published: May 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...