ജൽന: വിധവയായ മരുമകൾ മറ്റൊരാൾക്കൊപ്പം ജീവിതം ആരംഭിച്ചതിനെ തുടർന്ന് ക്രൂരമായി കൊലപ്പെടുത്തി ഭർത്താവിന്‍റെ ബന്ധുക്കൾ. മഹാരാഷ്ട്ര ജൽന സ്വദേശിയായ മരിയ ലാൽസാരെ (32), ഇവരുടെ പങ്കാളി ഹർബക് ഭാഗവത് (27) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 'അവിഹിത ബന്ധം' എന്ന് ആരോപിച്ച് മരിയയുടെ ഭർതൃസഹോദരനും അമ്മായി അച്ഛനും ചേർന്നാണ് ഇരുവരെയും ട്രാക്ടർ ഇടിച്ചു കൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇവരെ ഇടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കുകയായിരുന്നു.
സംഭവത്തിൽ മരിയയുടെ ഭർത്താവിന്‍റെ പിതാവ് ബത്വൽ സമ്പത് ലാൽസാരെ, ഇയാളുടെ മകന്‍ വികാസ് ലാല്‍സരെ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച് മരിയയുടെ ഭർത്താവ് പത്ത് വർഷം മുമ്പ് മരിച്ചു. ഇതിനുശേഷവും ഇവര്‍ ഭർത്തൃവീട്ടിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെ അയൽവാസിയായ ഒരു ഹർബക് ഭാഗവത് എന്ന യുവാവുമായി മറിയ ഇഷ്ടത്തിലായി. വിവാഹിതനായ ഇയാളുമായി മരുമകൾക്കുണ്ടായ അടുപ്പം കുടുംബം എതിർത്തു. ബന്ധം തുടർന്നാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ട വരുമെന്ന് ഹർബകിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
തുടർന്ന് മരിയയുടെ ബന്ധുക്കളിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് കാട്ടി ഹർബക്, അബഡ് പൊലീസ് സ്റ്റേഷനിലും ജില്ലാ എസ്പിക്കും പരാതി നൽകുകയും ചെയ്തു. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പിന്നാലെ ഇക്കഴിഞ്ഞ മാർച്ച് ഇരുപതിന് മറിയയും ഹർബകും ഒളിച്ചോടി ഗുജറാത്തിലെത്തി. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ കണ്ടെത്തി ഒരുമാസത്തിന് ശേഷം തിരികെ നാട്ടിലേക്ക് മടക്കി കൊണ്ടുവരികയും ചെയ്തു.
മടങ്ങിവന്നതിന് ശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇക്കഴിഞ്ഞ ഒക്ടോബർ 22ന് സമീപ ഗ്രാമത്തിലെ എന്തോ പരിപാടിയിൽ പങ്കെടുത്ത് മോട്ടോർസൈക്കിളിൽ മടങ്ങിവരികയായിരുന്നു ഇരുവരെയും ബന്ധുക്കൾ അപായപ്പെടുത്തുകയായിരുന്നു. ട്രാക്ടറിലെത്തിയ വികാസ്, ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വാഹനം ഇവരുടെ മേൽ കയറ്റിയിറക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട ഹർബകിന്‍റെ ഭാര്യ തന്നെയാണ് മരിയയുടെ ബന്ധുക്കളായ വികാസും പിതാവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിനെ മൊഴി നല്‍കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ബത്വൽ സമ്പത് ലാൽസാരെ, മകന്‍ വികാസ് ലാല്‍സരെ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.