നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കോട്ടയത്ത് ഭർത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ പിടിയിൽ; പിടികൂടിയത് മണർകാട് പള്ളി പരിസരത്തുനിന്നും

    കോട്ടയത്ത് ഭർത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ പിടിയിൽ; പിടികൂടിയത് മണർകാട് പള്ളി പരിസരത്തുനിന്നും

    വൈകുന്നേരത്തോടെ കോട്ടയം മണർകാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

    റോസന്ന, സിജി

    റോസന്ന, സിജി

    • Share this:
    കോട്ടയം: ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് പുതുപ്പള്ളിയിൽ ഭർത്താവിനെ വെട്ടിക്കൊന്ന ഭാര്യയെ പൊലീസ് പിടികൂടിയത്. കോട്ടയം ഈസ്റ്റ് പോലീസിന്റെ (Kottayam East Police) നേതൃത്വത്തിൽ ആണ് റോസന്നയെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ കോട്ടയം മണർകാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിർണായകമായ അറസ്റ്റ് ഉണ്ടായത്. ഇന്ന് പുലർച്ചെയാണ്  ഭർത്താവ് സിജിയെ ഇവർ വീട്ടിനുള്ളിൽ വച്ച് വെട്ടിക്കൊന്ന ശേഷം ആറു വയസ്സുള്ള മകനുമായി വീടുവിട്ടത്.

    സംഭവം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇവരെ തിരയുകയായിരുന്നു. പുതുപ്പള്ളി വഴി മകനുമൊത്ത് നടന്നു പോകുന്ന ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിനിടെ ഇവർ കോട്ടയം ടൗണിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ ഉണ്ടെന്ന് വിവരവും പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഇവിടെ നിന്നും റോസന്നയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെ വൈകുന്നേരം ലഭിച്ച വിവരപ്രകാരം മണർകാട് പള്ളി പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

    Also Read- ഭർത്താവിനെ വെട്ടിക്കൊന്ന് യുവതി കുട്ടിയേയും എടുത്ത് വീടുവിട്ടിറങ്ങി; മാനസിക പ്രശ്നം ഉണ്ടായിരുന്നതായി നാട്ടുകാർ

    വൈകാതെ ഇവരെ ചോദ്യം ചെയ്തശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവിടെ ഒപ്പമുണ്ടായിരുന്ന മകനെ ബന്ധുക്കൾക്കൊപ്പം വിടുന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കി.

    പുലർച്ചെ നടന്ന കൊലപാതകം ഏറെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. സിജിയെ  വെട്ടേറ്റ നിലയിൽ വീട്ടിൽ കാണപ്പെടുകയായിരുന്നു. രാവിലെ എട്ടു മണിക്ക് ശേഷവും വീട് തുറക്കാതെ വന്നതോടെയാണ് അയൽവാസികൾ എത്തി പരിശോധിച്ചത്. ഈ സമയം സിജിയെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

    റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടുകാരും അടുത്ത ബന്ധുക്കളുമാണ് ഇതു സംബന്ധിച്ച വിവരം സ്ഥലത്തെത്തിയ കോട്ടയം ഈസ്റ്റ് പോലീസിന് കൈമാറിയത്. നേരത്തെയും ഇവർ  മകനൊപ്പം വീടുവിട്ടു  ഇറങ്ങിപ്പോയിരുന്നു എന്ന് നാട്ടുകാരിൽ നിന്ന്  പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് മാനസിക പ്രശ്നം ഉണ്ടോ എന്ന കാര്യത്തിൽ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത വരൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്. വൈകാതെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇവരുടെ മനോനില പരിശോധിക്കും.

    Also Read- Suicide|പെട്രോൾ പമ്പ് നടത്തിപ്പിൽ പങ്കാളിയാക്കമെന്ന് വിശ്വസിപ്പിച്ച് 15.5 ലക്ഷം രൂപ തട്ടിയെടുത്തു; അറുപത്തിമൂന്നുകാരന്റെ ആത്മഹത്യയിൽ പ്രതി പിടിയിൽ

    അഗതിമന്ദിരത്തിൽ നിന്നാണ് റോസന്നയെ സിജി വിവാഹം കഴിച്ചത്. സമീപ ദിവസങ്ങളിൽ സിജിയും റോസന്നയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും  പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിലൂടെ  ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കോട്ടയം ഈസ്റ്റ് പോലീസ്  ശ്രമിക്കുന്നത്. ഓട്ടോഡ്രൈവറായ സിജി  ഉറങ്ങുന്നതിനിടയിൽ  റോസന്ന അക്രമിച്ചു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം
    Published by:Rajesh V
    First published: