• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder |വിഷം കഴിച്ചതെന്ന് ഭര്‍ത്താവിന്റെ മൊഴി; മംഗളുരുവില്‍ മലയാളി യുവതി മരിച്ചത് മര്‍ദനമേറ്റ്; അറസ്റ്റ്

Murder |വിഷം കഴിച്ചതെന്ന് ഭര്‍ത്താവിന്റെ മൊഴി; മംഗളുരുവില്‍ മലയാളി യുവതി മരിച്ചത് മര്‍ദനമേറ്റ്; അറസ്റ്റ്

ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായി.

  • Share this:
    മംഗളൂരു: ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി യുവതി മരിച്ചു. എറണാകുളം സ്വദേശിനിയും മംഗളൂരു കുംപള ചേതന്‍നഗറിലെ താമസക്കാരിയുമായ ഷൈമ (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജോസഫ് ഫ്രാന്‍സിസ് റെന്‍സനെ (54) പോലീസ് അറസ്റ്റ് ചെയ്തു.

    വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് ജോസഫ് പോലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരം പുറത്ത് വരുന്നത്. പെട്രോള്‍ പമ്പ് നിര്‍മാണ കരാറുകാരനായ ജോസഫ് വല്ലപ്പോഴുമേ മംഗളൂരുവിലേക്ക് വരാറുള്ളു. മദ്യപിച്ച് ഷൈമയെ മര്‍ദ്ദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

    മേയ് 11-ന് മംഗളൂരുവിലെത്തിയ ജോസഫ് തര്‍ക്കത്തിനിടെ ഷൈമയെ മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഷൈമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കുടിച്ചുവെന്നാണ് ജോസഫ് ആശുപത്രിയിലും പറഞ്ഞത്. അന്ന് രാത്രിയോടെ ഷൈമ മരിച്ചു.

    അടുത്ത ദിവസം മംഗളൂരുവിലെത്തിയ ഷൈമയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം തോന്നി പോലീസില്‍ പരാതി നല്‍കി. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ജോസഫിനെ അറസ്റ്റ് ചെയ്തു.

    കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ ജോസഫിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. കുടുംബം കുറച്ച് വര്‍ഷമായി മംഗളൂരുവില്‍ താമസിക്കുന്നുവെങ്കിലും ജോസഫ് ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്നു. മക്കള്‍: ഫ്രാന്‍സണ്‍, ഫിജിന്‍.

    Murder | മദ്യപാനത്തിടെ തര്‍ക്കം; കണ്ണൂരില്‍ അനിയനെ ചേട്ടന്‍ കഴുത്ത് ഞെരിച്ച് കൊന്നു

    കണ്ണൂരില്‍ മദ്യപിക്കുന്നതിനിടെ സഹോദരങ്ങള്‍ തമ്മിലുണ്ടായ  തര്‍ക്കത്തില്‍ അനുജനെ ചേട്ടന്‍ കഴുത്ത് ഞെരിച്ച് കൊന്നു (Murder). കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

    ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും നന്നായി മദ്യപിച്ചിരുന്നു. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലർ കണ്ടിരുന്നു. പിന്നീട് വാക്കു തർക്കമുണ്ടാവുകയും അഖിലേഷ് സഹോദരൻ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് കേളകം പോലീസില്‍ വിളിച്ച്  അറിയിച്ചത്.

    തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടത്. പേരാവൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അഭിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ അഖിലേഷിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
    Published by:Sarath Mohanan
    First published: