ചെന്നൈ: പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം ഭർത്താവിന്റെ പണവും ആഭരണവുമായി കടന്നുകളഞ്ഞ യുവതി പൊലീസ് പിടിയിൽ. മധുര സ്വദേശി അഭിനയ(28) ആണ് അറസ്റ്റിലായത്. താംബര രംഗനാഥപുരത്തെ നടരാജന്റെ പണവും ആഭരണവുമാണ് കവർന്നത്. 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് അഭിനയ കടന്നു കളഞ്ഞത്.
ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജൻ ഏതാനും മാസം മുമ്പാണ് മുടിച്ചൂർ ബേക്കറിയിൽ ജോലിചെയ്യുന്ന അഭിനയയെ പരിചയപ്പെടുന്നത്. ഓഗസ്റ്റിൽ വിവാഹിതരായി. എന്നാൽ ഒക്ടോബർ 19നാണ് അഭിനയയെ കാണാതാവുകയായിരുന്നു. തുടർന്ന് നടരാജൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പഴയ മഹാബലിപുരത്തെ ഹോസ്റ്റലിൽ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തി പൊലീസ് അഭിനയയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രണയം നടിച്ച് വിവാഹം കഴിച്ച് അഭിനയ നേരത്തെ നാലുപേരെ ഇതേരീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഭിനയയ്ക്ക് മധുരയിൽ ഭർത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2011ൽ മന്നാർഗുഡി സ്വദേശിയെ വിവാഹം കഴിച്ച അഭിനയ പത്തുദിവസത്തിന് ശേഷം വേർപിരിഞ്ഞു. പിന്നീട് മധുര സ്വദേശിയെ രണ്ടാം വിവാഹം കഴിച്ചു. ഇതിലാണ് എട്ടു വയസ്സുള്ള കുട്ടിയുള്ളത്.
എന്നാൽ കോളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ അഭിനയ വീണ്ടും കല്യാണം കഴിച്ചു. പത്തുദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു. തുടർന്നാണ് നടരാജനെ വിവാഹം കഴിച്ചത്. രിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച് പണവും ആഭരണവും തട്ടുകയാണ് അഭിനയയുടെ മുഖ്യ ജോലിയെന്ന് പൊലീസ് പറഞ്ഞു. 32 സിം കാർഡുകളുണ്ട് അഭിനയയ്ക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.