ജയ്പുർ: മൂന്നുവയസുകാരിയായ മകളെ കൊന്ന് ട്രെയിനിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിലായി. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് വിവാഹിതയായ യുവതി മൂന്ന് വയസ്സുള്ള മകളെ കൊന്ന് മൃതദേഹം ട്രെയിനിൽനിന്ന് പുറത്തേക്ക് എറിഞ്ഞത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച യുവതി മകളെ കഴുത്തുഞെരിച്ച് കൊന്നശേഷം കാമുകന്റെ സഹായത്തോടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇരുവരും ശ്രീഗംഗാനഗർ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറി മൃതദേഹം ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.
സംഭവത്തിൽ പ്രതികളായ സുനിത, മാൾട്ട എന്ന സണ്ണി എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മകളെ കൊലപ്പെടുത്തിയെന്ന് സുനിത സമ്മതിച്ചതിനെ തുടർന്ന് കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചേർത്തിരിക്കുന്നത്.
“ചൊവ്വാഴ്ച രാവിലെ 6:10 ന് അവർ ഒരു ട്രെയിനിൽ കയറി, അത് ഫതുഹി റെയിൽവേ സ്റ്റേഷന് മുമ്പുള്ള ഒരു കനാലിലെ പാലത്തിൽ എത്തിയപ്പോൾ, ഓടുന്ന ട്രെയിനിൽ നിന്ന് സുനിതയും മാൾട്ടയും മൃതദേഹം പുറത്തേക്ക് എറിയുകയായിരുന്നു,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മൃതദേഹം കനാലിൽ തള്ളാൻ ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും റെയിൽവേ ട്രാക്കിന് സമീപം വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. അഞ്ച് മക്കളുള്ള സുനിത സണ്ണിയ്ക്കും രണ്ട് പെൺമക്കൾക്കും ഒപ്പം ശാസ്ത്രി നഗറിലാണ് താമസിച്ചിരുന്നത്, മൂന്ന് കുട്ടികൾ ഭർത്താവിനൊപ്പമാണ് ഉള്ളത്.
പെൺകുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞ പോലീസ് സുനിതയെ കണ്ടെത്തി ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചു, തുടർന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.