• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവിന്‍റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ

ഭർത്താവിന്‍റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ

ഭാര്യയുടെ നീക്കം മനസിലാക്കിയ പ്രമോദ് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.

Nayana

Nayana

  • Share this:
    തൃശൂര്‍: ഭര്‍ത്താവിന്‍റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തിൽ യുവതി അറസ്റ്റിലായി. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി. പി. പ്രമോദിനെ ആക്രമിക്കാൻ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) ആണ് പിടിയിലായത്. നെടുപുഴ പൊലീസാണ് യുവതിയെ അറസ്​റ്റ്​ ചെയ്തത്.

    ഭർത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാനും മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് വരുത്തി തീർക്കാനും നയന ശ്രമിച്ചിരുന്നു. ഇതിന് തുടർച്ചയായി, ഭർത്താവുമായി അടുപ്പമുണ്ടെന്ന് കരുതിയിരുന്ന സ്ത്രീയുടെ മുഖത്ത് ആസിഡൊഴിക്കാനും യുവതി ക്വട്ടേഷൻ സംഘത്തോട് നിർദേശിച്ചു. അതിനു ശേഷം ഇത് ചെയ്തത് തന്‍റെ ഭർത്താവ് ആണെന്നും വരുത്തി തീർക്കാനും, അതിന്‍റെ പേരിൽ കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതി.

    ഭാര്യയുടെ നീക്കം മനസിലാക്കിയ പ്രമോദ് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് തന്ത്രപരമായി പ്രതിയെ കുടുക്കുകയായിരുന്നു. യുവതി കൂട്ടുപ്രതികളായ ക്വട്ടേഷൻ സംഘവുമായി ഫോണില്‍ സംസാരിച്ചതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചതാണ് കേസിൽ നിർണായകമായത്. ഈ ശബ്ദസന്ദേശം മുൻനിർത്തിയാണ് പൊലീസ് യുവതിയെ പിടികൂടിയത്. അറസ്റ്റിലായ നയനയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസിലെ കൂട്ടുപ്രതികളെ ഉടൻ പിടികൂടുമെന്നും നെടുപുഴ എസ്.ഐ കെ. സി. ബൈജു അറിയിച്ചു.

    75000 രൂപ വിലയുള്ള അലങ്കാര തത്തകളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

    കൊച്ചി: അലങ്കാര തത്തകളെ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. കോലഞ്ചേരി കുമ്മനോട് പുത്തന്‍ പുരക്കല്‍ വിപിന്‍ (32), കുമ്മനോട് തൈലാന്‍ വീട്ടില്‍ അനൂപ് (39) എന്നിവരെയാണ് പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്. മോഷണ സംലത്തില്‍പ്പെട്ട അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയിയെ വാഹന മോഷണക്കേസില്‍ ഹില്‍പാലസ് പൊലീസ് ഒക്ടോബർ ഏഴിന് അറസ്റ്റ് ചെയ്തിരുന്നു. കോലഞ്ചേരി പെരിങ്ങോള്‍ ചിറമോളേല്‍ ജോസഫിന്റെ വീട്ടിലുണ്ടായിരുന്ന അലങ്കാര തത്തകളെയാണ് പ്രതികൾ മോഷ്ടിച്ചത്. 75000 രൂപയോളം വിലവരുന്ന തത്തകളാണ് മോഷ്ടിക്കപ്പെട്ടത്.

    Also Read- ചികിത്സാ സഹായം വാഗ്ദാനം ചെയ്തു 38കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് യുവാക്കൾ പിടിയിൽ

    കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് തത്തകളെ മോഷ്ടിച്ചത്. വിപിനും ബിനോയിയും ചേര്‍ന്ന് മോഷ്ടിച്ച തത്തകളെ അനൂപിനെ വില്‍ക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാള്‍ തൃപ്പൂണിത്തുറയിലുള്ള ഒരാള്‍ക്ക് തത്തകളെ വിൽക്കുകയും ചെയ്തു. മോഷണമുതലാണെന്ന് അറിയാതെയാണ് തൃപ്പുണത്തുറ സ്വദേശി തത്തകളെ വാങ്ങിയത്.

    തത്തകൾ മോഷണം പോയതോടെ ജോസഫ് പുത്തൻകുരിശ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അതിന് പുറമെ ജില്ലയിലെ പ്രധാന പക്ഷി വളർത്തൽ വിൽപന കേന്ദ്രങ്ങളെയും ഈ രംഗത്ത് പ്രവർത്തിക്കുന്നവരെയും പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചു. ഓൺലൈൻ വഴിയാണ് പ്രതികൾ തത്തകളെ മറിച്ചുവിറ്റത്. ഇതുസംബന്ധിച്ച ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ ടി. ദിലീഷ്, എസ്‌ഐമാരായ ടി. എം. തമ്ബി, സജീവ്, എസ്.സി.പി..ഒ മാരായ ബി.ചന്ദ്രബോസ്, ഡിനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
    Published by:Anuraj GR
    First published: