കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കുനേരെ ആക്രമണം ഉണ്ടായി. പ്രാണരക്ഷാർത്ഥം ട്രെയിന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കു പരിക്കേറ്റു. ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ കാഞ്ഞിരമറ്റം ഭാഗത്തുവെച്ചാണ് സംഭവം ഉണ്ടായത്. മുളന്തുരുത്തി സ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ട്രെയിനിലെ കംപാർട്ട്മെന്‍റിൽ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. സ്‌ക്രൂ ഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ അക്രമി മാല പൊട്ടിച്ചെടുക്കുകയും വള ഊരിവാങ്ങുകയും ചെയ്തു.
വീണ്ടും ആക്രമിക്കാന്‍ ശ്രമം ഉണ്ടായതോടെ യുവതി ട്രെയിനിൽനിന്ന് പുറത്തേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കു പരിക്കേറ്റ യുവതിയുടെ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു നേരിയ പരിക്കാണുള്ളതെന്നും, നിരീക്ഷണത്തിനായി ഐ സി യുവിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ട്രെയിനിന്‍റെ വാതിലിൽ ഏറെ നേരം തൂങ്ങിക്കിടന്ന ശേഷമാണ് യുവതി പുറത്തേക്കു വീണത്. സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഴ്ചയിൽ ബോധരഹിതയായിരുന്ന യുവതിയെ വളരെ വേഗത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു. ട്രെയിന് വേഗത കുറവായതിനാലാണ് യുവതിക്ക് സാരമായ പരിക്ക് പറ്റാതിരുന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Also Read- ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വർക്കല ഇടവയിൽ രണ്ടു പേർ അറസ്റ്റിൽ
ചെങ്ങന്നൂരിലെ സ്കൂളിൽ ക്ലാർക്കായി ജോലി ചെയ്യുന്ന യുവതി ഇന്ന് രാവിലെ മുളന്തുരുത്തിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ഈ സമയം യുവതി കയറിയ കംപാർട്ട്മെന്‍റിൽ മറ്റാരും ഇല്ലായിരുന്നു. ട്രെയിൻ പുറപ്പെടാനായി തുടങ്ങുമ്പോഴാണ് അജ്ഞാതനായ ഒരാൾ അവിടേക്ക് വന്നത്. മാസ്ക്ക് ധരിച്ചതിനാൽ മുഖം വ്യക്തമായിരുന്നില്ല. മുളന്തുരുത്തി സ്റ്റേഷൻ പിന്നിട്ടതോടെ അക്രമി യുവതിയുടെ സമീപത്തേക്കു വന്നു. ഇതു കണ്ടു യുവതി പിന്നോട്ടു മാറി.
എന്നാൽ ഉടൻ കൈയിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ യുവതിക്കുനേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയും വള ഊരി വാങ്ങുകയും ചെയ്തു. ഈ സമയം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, സ്ക്രൂഡ്രൈവർ കഴുത്തിനുനേരെ വീശിയതോടെ യുവതി പിൻമാറുകയായിരുന്നു. ആഭരണങ്ങൾ ഊരി നൽകിയ ശേഷവും അതിക്രമം നടത്താനായി തുനിഞ്ഞതോടെയാണ് യുവതി കുതറിമാറി വാതിലിന്‍റെ ഭാഗത്തേക്കു പോയതും പുറത്തേക്കും വീണതും.
പത്തു വർഷം മുമ്പ് കേരളത്തെ ഞെട്ടിച്ച സൌമ്യ കൊലക്കേസ് സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2011 ഫെബ്രുവരി 11ന് എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് ഷൊർണൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൌമ്യയെ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ട ശേഷമാണ് ഗോവിന്ദച്ചാമി എന്നയാൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. സൌമ്യയെ ട്രെയിനിൽനിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack in Train, Guruvayur-Punalur Passanger, Train in kerala, Woman Assaulted in running train, Woman attacked in Train