മകന്റെ സ്കൂൾ ഫീസ് ചോദിച്ചതിന് ഭർത്താവിന്റെ ക്രൂരമർദനം; ബോധരഹിതയായ 39കാരി ആശുപത്രിയിൽ
മകന്റെ സ്കൂൾ ഫീസ് ചോദിച്ചതിന് ഭർത്താവിന്റെ ക്രൂരമർദനം; ബോധരഹിതയായ 39കാരി ആശുപത്രിയിൽ
ഡൈനിംഗ് ടേബിളിനും ചുവരിനും ഇടയിലേക്ക് തള്ളിയിട്ടശേഷം കസേര കൊണ്ട് യുവതിയെ തല്ലുകയായിരുന്നു. കസേര ഒടിഞ്ഞതോടെ, പാത്രങ്ങൾ വെക്കുന്ന സ്റ്റീൽ റാക്ക് കൊണ്ടും മർദനം തുടർന്നു.
ബെംഗളൂരു: മകന്റെ സ്കൂൾ ഫീസ് അടയ്ക്കാൻ പണം ആവശ്യപ്പെട്ട യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനമേറ്റു. ബോധ രഹിതയായി വീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ബെംഗളൂരുവിലെ 39കാരിക്ക് ക്രൂര മർദനമേറ്റത്.
12 വർഷം മുൻപായിരുന്നു ഇരുവരും പ്രണയവിവാഹിതരായത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും കൈയൊഴിഞ്ഞു. എന്നാൽ വിവാഹത്തിന് ശേഷം ഭർതൃവിട്ടുകാരിൽ നിന്നും നല്ല അനുഭവമല്ല യുവതിക്കുണ്ടായത്. ഇതേ തുടർന്ന് ബെംഗളൂരുവിലെ ബിടിആർ ഗാർഡന്‍സിൽ വീട് വാടകയ്ക്കെടുത്ത് യുവതിയും ഭർത്താവും രണ്ട് ആൺകുട്ടികളും അവിടേക്ക് താമസം മാറി. ഏഴും ഒൻപതും വയസുള്ള മക്കളാണ് ദമ്പതികൾക്കുള്ളത്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ ഭർത്താവ് എപ്പോഴും യുവതിയെ കുറ്റപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവതിക്ക് നേരെയുള്ള ഭർത്താവിന്റെ മർദനത്തിന്റെ തോതും കൂടി. മൂന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകന്റെ സ്കൂൾ ഫീസിന്റെ കാര്യം വ്യാഴാഴ്ച വൈകിട്ട് യുവതി ഭർത്താവിനെ ഓർമപ്പെടുത്തി. ഫീസ് അടച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുട്ടിയെ സ്കൂൾ അധികൃതർ അനുവദിക്കില്ലെന്നും യുവതി വ്യക്തമാക്കി.
മകന്റെ സ്കൂൾ ഫീസ് ചോദിച്ചതോടെ ദേഷ്യംപിടിച്ച ഭർത്താവ് യുവതിയെ മർദിക്കുകയും വഴക്കിടുകയുമായിരുന്നുവെന്ന് ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണം യുവതിയാണെന്നും ഭർത്താവ് ആരോപിച്ചു. ഡൈനിംഗ് ടേബിളിനും ചുവരിനും ഇടയിലേക്ക് തള്ളിയിട്ടശേഷം കസേര കൊണ്ട് യുവതിയെ തല്ലുകയായിരുന്നു. കസേര ഒടിഞ്ഞതോടെ, പാത്രങ്ങൾ വെക്കുന്ന സ്റ്റീൽ റാക്ക് കൊണ്ടും മർദനം തുടർന്നു. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മൂത്ത കുട്ടി പിതാവിനെ തടയാൻ ശ്രമിച്ചു. കുട്ടിക്കും ക്രൂരമർദനമേറ്റു. ചുറ്റുമുള്ള നിരവധി പേർ ഓടിയെത്തിയെങ്കിലും ആരും തടയാൻ ശ്രമിച്ചില്ലെന്ന് യുവതി പറയുന്നു.
മർദനമേറ്റ് ബോധരഹിതയായി യുവതി നിലത്ത് വീണു. ഉടൻ തന്നെ അവിടെയെത്തിയവർ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.