നോയിഡ: നടുറോഡിൽ വെച്ച് കടന്നുപിടിച്ചയാളെ ഓടിച്ചിട്ട് കൈകാര്യം ചെയ്തു യുവതി. വെള്ളിയാഴ്ച നോയിഡ സെക്ടർ 12ലാണ് സംഭവം ഉണ്ടായത്. പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതി ജോലി സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെയാണ് അതിക്രമമുണ്ടായത്. സൈക്കിളിലെത്തിയ 40 വയസ് പ്രായമുള്ളയാൾ യുവതിയുടെ മാറിൽ സ്പർശിക്കുകയായിരുന്നു. ശരീരത്തിൽ സ്പർശിച്ച ശേഷം അതിവേഗത്തിൽ സൈക്കിളിൽ പോയ ആളെ പിന്നാലെ ഓടി യുവതി പിടികൂടി. നടുറോഡിൽ വെച്ച് അയാളെ യുവതി നന്നായി കൈകാര്യം ചെയ്തു.
'വഴിനീളെ അവന്‍ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ഞാന്‍ റോഡ് മുറിച്ചുകടക്കാനായി ശ്രമിച്ചപ്പോള്‍ ഒരു കാര്‍ സമീപത്തുകൂടി പോയി. സുരക്ഷിതമായി മാറിയപ്പോള്‍ പിറകിലൂടെ വന്ന് അയാള്‍ എന്‍റെ മാറിടത്തിൽ സ്പര്‍ശിക്കുകയായിരുന്നു. അതിനു ശേഷം അയാള്‍ സൈക്കിളുമായി കടന്നുകളന്നു. ഒരു നിമിഷത്തേക്കു ഞാൻ ഞെട്ടിപ്പോയി. എന്നാൽ പെട്ടെന്നു തന്നെ അയാളുടെ സൈക്കിളിനു പിന്നാലെ ഓടാനാണ് എനിക്ക് തോന്നിയത്. അയാളെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് അയാളുടെ പിന്നാലെ ഓടിയതും, സൈക്കിൾ തടഞ്ഞുനിർത്തി അയാളെ അടിച്ചു. അയാളുടെ മുഖത്ത് തുടരെ തുടരെ അടിച്ചിട്ടും എനിക്ക് ദേഷ്യം അടക്കാനായില്ല'- യുവതി ഒരു മാധ്യമത്തോട് പറഞ്ഞു.
അയാളെ നിരവധി തവണ അടിച്ചിട്ടും അവിടെ ഉണ്ടായിരുന്നവർ ആരും സഹായിക്കാൻ എത്തിയില്ലെന്നും യുവതി പറയുന്നു. 'ആറു വർഷമായി ഈ നഗരത്തിലാണ് ഞാൻ ജീവിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. രാത്രിയിൽ പോലും ഈ നിരത്തുകളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണ്'- യുവതി പറയുന്നു.
Also Read- വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
'ഞാൻ പിന്നാലെ എത്തി അയാളെ തടഞ്ഞു നിർത്തിയപ്പോൾ, അയാൾ മാപ്പ് പറഞ്ഞു. എന്നാൽ എനിക്ക് ഉണ്ടായ അപമാനത്തിന് അതൊരു പ്രതിവിധിയല്ല. അതുകൊണ്ടാണ് അയാളെ ഞാൻ തല്ലിയത്. എത്ര തല്ലിയാലും തീരാത്ത ദേഷ്യമായിരുന്നു ആ സമയത്ത് തോന്നിയത്. ഇയാൾക്കെതിരെ പിന്നീട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്'- യുവതി പറഞ്ഞു.
യുവതി സൈക്കിളിൽ അതിവേഗം ചവിട്ടി പോകുന്നയാളെ ഓടിച്ചിട്ട് പിടിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചിലര്‍ മൊബൈൽ ക്യാമറയിൽ പകര്‍ത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങൾ വഴി യുവതിക്ക് അഭിനന്ദനവുമായെത്തിയത്. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയതായും പ്രതിക്കെതിരെ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തതായും നോയിഡ ഡി. സി. പി രന്‍വിജയ് സിങ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Noida, Sexual abuse, Woman Abuse, Woman chased and handled the intruder