കൊല്ലം: കടപുഴ പാലത്തിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണൻ ആണ് മരിച്ചത്. 22 വയസായിരുന്നു. രാവിലെ 11 മണിയോടെ ഭർത്താവിന്‍റെ വീടായ കിഴക്കേ കല്ലട ഉപ്പൂട് ഷൈജു ഭവനത്തിൽ നിന്ന് ആണ് കടപുഴയിൽ എത്തി പാലത്തിൽ നിന്ന് ചാടിയത്. മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കിഴക്കേ കല്ലട പോലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. യുവതിയുടെ ഭർത്താവിന്‍റെ ഉൾപ്പടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശി ധന്യദാസിനെയാണ് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാജേഷിന്റെ മദ്യപാനത്തെ ചൊല്ലിയുള്ള കലഹമാണ് മരണത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ധന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്നാണ് ഭർത്താവ് രാജേഷിൻ്റെ മൊഴി. രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. 21 വയസ്സാണ് ധന്യയ്ക്ക്. വിവാഹശേഷം രാജേഷിൻ്റെ കുന്നത്തൂരെ വീട്ടിലായിരുന്നു ദമ്പതികളുടെ താമസം.
ഭർത്താവിന്റെ സ്ഥിരം മദ്യപാനത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ കലഹം പതിവായിരുന്നു. ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രാജേഷ് ലോറിയിൽ കിടന്നുറങ്ങി. പിന്നീട് ധന്യ വിളിച്ചതിനെ തുടർന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചു. അതിന് ശേഷം ഒരു മുറിയിലാണ് ഇരുവരും ഉണ്ടായിരുന്നതും.
രാവിലെ ഉണരുമ്പോൾ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന രാജേഷിൻ്റെ മൊഴി ശാസ്താംകോട്ട പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വ്യത്യസ്ത സമുദായത്തിൽപ്പെട്ട ഇരുവരുടെയും വിവാഹം വീട്ടുകാർ ചേർന്നാണ് നടത്തിക്കൊടുത്തത്. നേരത്തെ ഒരു ജൂവലറിയിൽ ജീവനക്കാരിയായിരുന്നു ധന്യ. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
വിസ്മയ കേസിൽ പ്രതിയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ഭർത്താവ് കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം ജില്ലാ സെഷൻസ് കോടതി തള്ളി. കോവിഡ് ബാധിച്ചതിനാൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗികരിച്ചതിനെ തുടർന്ന് കിരൺകുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും.
കഴിഞ്ഞ ബുധനാഴ്ചയാണ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം കോടതിയിൽ പൂര്‍ത്തിയായത്. ജാമ്യം നൽകുന്നതിനെ നേരത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. അഭിഭാഷകനായ ബി.എ. ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ജൂൺ 21 ന് പുലർച്ചെ ആയിരുന്നു വിസ്മയയെ കിരൺകുമാറിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായതായും പൊലിസിന് തെളിവുകള്‍ ലഭിച്ചിരുന്നു. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ കിരൺകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതിന് മുന്നോടിയായിട്ടാണ് കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുക.
കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യം നൽകുന്നതിനെ നേരത്തെയും പ്രോസിക്യൂഷൻ എതിർത്തിരുന്നു. അഭിഭാഷകനായ ബി എ ആളൂർ കഴിഞ്ഞ തവണ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. സ്ത്രീധന പീഡനത്തിനാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. വിസ്മയയെ കിരണിന്‍റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതിൽ കൊലപാതക ആരോപണം പെൺകുട്ടിയുടെ വീട്ടുകാർ ഇപ്പോഴും ഉന്നയിക്കുന്നു. സ്ത്രീധനത്തിന് പേരിൽ വിസ്മയ ഭർത്തൃ ഗൃഹത്തിൽ കൊടിയ മർദ്ദനം നേരിട്ടിരുന്നു.
വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് കീഴ് കോടതിയിൽ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തെ കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്.
അഡ്വ. ബി. എ. ആളൂർ വഴിയാണ് കിരൺകുമാർ ശാസ്താംകോട്ട കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. തുടർന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആദ്യം മാറ്റിവച്ചു. പിന്നീട് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kollam, Vismaya Case, Woman commits suicide