ന്യൂഡൽഹി: ബസിനുള്ളിൽ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയായി പൊലീസുകാരിയായ യുവതി. ന്യൂഡൽഹി പിസിആർ യൂണിറ്റ് കോൺസ്റ്റബിൾ ആയ ഇരുപത്തിയഞ്ചുകാരിയാണ് ബസ് യാത്രയ്ക്കിടെ അതിക്രമത്തിന് ഇരയായത്. ഇത് ചോദ്യം ചെയ്ത ഇവരെ പ്രതി മർദിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്തെ ദ്വാരക മേഖലയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് അധികൃതർ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച് പൊലീസുകാരി തന്‍റെ ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു. ബസിൽ ഇവർക്കൊപ്പം തന്നെ കയറിയ ഒരാൾ കോണ്‍സ്റ്റബിളിന്‍റെ പുറകിൽ നിലയുറപ്പിക്കുകയും യാത്രാ മധ്യേ മോശമായി സ്പർശിക്കുകയുമായിരുന്നു. ഇതിനെ എതിർത്ത യുവതി ഇയാളെ ചോദ്യം ചെയ്തു. പെട്ടെന്ന് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് ഇവരെ അടിച്ചുവീഴ്ത്തി ഇയാൾ ബസിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ പരിക്കേറ്റ പൊലീസുകാരിയെ ഉടൻ തന്നെ ദീൻ ദയാൽ ഉപാദ്യയ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
അതേസമയം ബസിൽ അത്രയും പ്രശ്നങ്ങൾ നടന്നിട്ടും യുവതിയെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഡ്രൈവറും സഹായിയും പോലും സഹായിക്കാൻ ശ്രമിച്ചില്ല എന്നാണ് ആരോപണം. എന്നാൽ ബസിന് പുറത്ത് വച്ചാണ് അതിക്രമം നടന്നതെന്നാണ് ഡ്രൈവറുടെ വാദം. 'സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ തന്നെ പിടികൂടും എന്നാണ് ദ്വാരക പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സന്തോഷ് കുമാർ മീന അറിയിച്ചിരിക്കുന്നത്.
സംഭവം നടന്ന പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങളും പരിശോധിച്ച് വരുന്നുണ്ട്. ഇതിൽ നിന്നും പ്രതിയെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സമാനമായ മറ്റൊരു സംഭവത്തിൽ ഉത്തർപ്രദേശിൽ 70 കാരി പീഡനത്തിനിരയായി. ബുലാന്ദ്ഷഹറിലെ അർണിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബലാത്സംഗത്തിനിരയായ വയോധിക ബഹളം വെച്ചതിനെ തുടർന്ന് ആക്രമിച്ച യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. സ്ത്രീയുടെ മകനാണ് പരാതി നൽകിയിരിക്കുന്നത്. വീട്ടിൽ ഇരിക്കുകയായിരുന്ന അമ്മയെ രണ്ട് യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്ത്രീയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ഒരാൾ ബലാത്സംഗം ചെയ്തെന്നാണ് മകൻ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.