• HOME
  • »
  • NEWS
  • »
  • crime
  • »
  • ആർത്തവമെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി നാപ്കിനുള്ളിൽ സ്വർണക്കട്ടികള്‍; യുവതിയിൽ നിന്ന് കിട്ടിയത് 30 ലക്ഷത്തിന്റെ സ്വർണ൦

ആർത്തവമെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി നാപ്കിനുള്ളിൽ സ്വർണക്കട്ടികള്‍; യുവതിയിൽ നിന്ന് കിട്ടിയത് 30 ലക്ഷത്തിന്റെ സ്വർണ൦

സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമം

  • Share this:

    കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ചാനല്‍ വഴി അതിവിദഗ്ധമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി പിടിയില്‍. വ്യാഴാഴ്ച റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍നിന്ന് 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. സ്വര്‍ണത്തിന് 29.89 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.

    ആർത്തവമെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം

    യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമം. ദേഹപരിശോധനയ്ക്കിടെ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.

    ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ ഇതിന് വില വരും.

    വ്യാഴാഴ്ച ഇറ്റലിയില്‍നിന്ന് ദോഹ വഴി നെടുമ്പാശ്ശേരിയില്‍ എത്തിയ മറ്റൊരു യാത്രക്കാരിയില്‍നിന്ന് 480.25 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഗ്രീന്‍ചാനല്‍ വഴിയാണ് ഇവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. യാത്രക്കാരിയുടെ ഹാന്‍ഡ് ബഗേജില്‍ ഒളിപ്പിച്ചനിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 24.63 ലക്ഷം രൂപ വിലവരും. രണ്ടുസംഭവങ്ങളിലും കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

    Published by:Rajesh V
    First published: