ഏഴു വർഷം മുൻപ് മരിച്ചെന്നു കരുതിയ ഉത്തർപ്രദേശ് സ്വദേശിയായ യുവതി ജീവനോടെയുണ്ടെന്ന് കണ്ടെത്തി. ഈ യുവതിയെ കൊന്നു എന്ന പേരിൽ വിഷ്ണു എന്ന യുവാവ് ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. യുവതി വിവാഹിതയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ വിഷ്ണുവിന് ഏഴു വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.
യുവതി കാമുകനൊപ്പം ഒളിച്ചോടുകയും വിവാഹം കഴിച്ചെന്നും മിറർ നൗവിന്റെ റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ഇവർ ഹത്രാസ് ജില്ലയിലേക്ക് താമസം മാറി. ഇതിനിടെ, വിഷ്ണുവിന്റെ അമ്മ തന്റെ മകന് നീതി തേടി കോടതിയെ സമീപിച്ചിരുന്നു.
യുവതിയെ പോലീസ് അലിഗഢ് കോടതിയില്‍ ഹാജരാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയതിനു ശേഷം പോലീസ് യുവതിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയിരുന്നു. തന്റെ മകളാണിതെന്ന് യുവതിയുടെ പിതാവ് തിരിച്ചറിഞ്ഞു.
Also Read-‘എന്റെ പേരില്ലേ?’; പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിനു താഴെ കമന്റ്; പിന്നാലെ അറസ്റ്റ്
വിഷ്ണുവിന്റെ അമ്മ നേരത്തെ അലിഗഡ് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) കലാനിധി നൈതാനിയെ സമീപിക്കുകയും മരിച്ചെന്നു കരുതിയ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്നും വിവാഹിതയായെന്നും അറിയിച്ചിരുന്നു. തുടർന്ന് നൈതാനി അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പതിനാലു വയസായിരുന്നു പ്രായം. അതിനാൽ വിഷ്ണുവിനു മേൽ പോക്സോ കേസും ചുമത്തിയിരുന്നു.
2015-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നു കണ്ടെത്തിയ ഒരു അജ്ഞാത മൃതദേഹം തന്റെ മകളുടേതാണെന്ന് പിതാവ് പറഞ്ഞിരുന്നു. പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ഒരു മൃതദേഹം ആഗ്രയില്‍ കണ്ടെത്തി. ഇതു തന്റെ മകളാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. തുടർന്ന് അയല്‍വാസിയായ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകം, തട്ടികൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read-വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത വ്ലോഗറായ യുവതി അറസ്റ്റിൽ
ഈ വർഷം ആദ്യം സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. സിബിഐ മരിച്ചതായി കണ്ടെത്തിയ ഒരു സ്ത്രീയാണ് ബീഹാറിലെ മുസാഫർപൂരിലുള്ള കോടതിയിൽ ഹാജരായത്. അമ്പരന്ന ജഡ്ജി സിബിഐക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമപ്രവർത്തകൻ രാജ്ദേവ് രഞ്ജൻ വധക്കേസിന്റെ വിചാരണയ്ക്കിടെ ആയിരുന്നു സാക്ഷികളിലൊരാളായ ബദാമി ദേവി മരിച്ചതായി സിബിഐ കോടതിയെ അറിയിച്ചത്. ഈ സ്ത്രീയുടെ മരണ സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കിയിരുന്നു.
എന്നാൽ പത്രങ്ങളിൽ തന്നെക്കുറിച്ചുള്ള വാർത്തകൾ കണ്ടതിനെ തുടർന്ന് സാക്ഷി നേരിട്ട് കോടതിയിൽ ഹാജരായി. സിബിഐ പോലുള്ള ഒരു പ്രമുഖ അന്വേഷണ ഏജൻസി ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി എന്നു വിശ്വസിക്കാൻ ആകുന്നില്ലെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. സിബിഐയുടെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്നും കേസിനെ വഴി തിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമാകാം ഇതെല്ലാം ഇന്നും അഭിഭാഷകൻ വാദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.