• HOME
  • »
  • NEWS
  • »
  • crime
  • »
  • Accident | നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ചു, റോഡില്‍ തെറിച്ചുവീണ യുവതി മരിച്ചു

Accident | നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ചു, റോഡില്‍ തെറിച്ചുവീണ യുവതി മരിച്ചു

തളിപ്പറമ്പ് ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചശേഷം കാഞ്ചന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു

  • Share this:
ശ്രീകണ്ഠപുരം: നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് (Accident) യുവതി മരിച്ചു. ശ്രീകണ്ഠപുരം എസ്.സി. ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സി.വി.കാഞ്ചന(45)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.

തളിപ്പറമ്പ് ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചശേഷം കാഞ്ചന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇവരെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 Also Read- കുടുംബത്തർക്കം; വീടുവിട്ടിറങ്ങിയ അച്ഛനും മകളും ഡാമിൽ ചാടി ആത്മഹത്യ ചെയ്തു

സി.പി.എം. തെക്കേമൂല ബ്രാഞ്ചംഗവും ബാലസംഘം ഏരിയ എക്‌സിക്യൂട്ടീവംഗവുമാണ്. നടുവിലിലെ കാരോന്തന്‍ നാരായണന്‍ നമ്പ്യാരുടെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: എം.ഇ.ബാലകൃഷ്ണന്‍. മക്കള്‍: ജിഷ്ണു, വൈഷ്ണവ്. മരുമകള്‍: ഡിജിന. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം തെക്കേമൂല ചെന്താര കലാകായിക സമിതിയിലെ പൊതുദര്‍ശനത്തിനുശേഷം മൂന്നിന് ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

അര്‍ധരാത്രി വീട്ടുകാര്‍ അറിയാതെ 15കാരന്‍ കാറെടുത്ത് പുറത്തിറങ്ങി; നിയന്ത്രണം വിട്ട് അപകടം


പുന്നയൂര്‍ക്കുളം(തൃശ്ശൂര്‍): ആല്‍ത്തറയില്‍ 15 വയസ്സുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ജ്വല്ലറികളുടെ ഷട്ടറുകളും ഭിത്തിയും ഇടിച്ചുതകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വടുതല സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമാകും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കുക.

 Also Read- മലപ്പുറത്ത് ആസാമീസ് യുവതിയെ കൊന്നത് ഭർത്താവ്; പ്രതി ചാഫിയാര്‍ റഹ്മാനെ പിടികൂടിയത് ചൈനീസ് അതിർത്തിയിൽ നിന്ന്

വീട്ടുകാര്‍ അറിയാതെയാണ് കുട്ടി അര്‍ധരാത്രി കാറെടുത്ത് റോഡിലിറങ്ങിയത്. ആല്‍ത്തറ സെന്ററിലെ ഷാലിമാര്‍, നാസ് ജ്വല്ലറികള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇരുസ്ഥാപനങ്ങളുടെയും മുന്‍വശത്തെ ഭിത്തി, ഷട്ടര്‍, ചില്ലുവാതിലുകള്‍ എന്നിവ അപകടത്തില്‍ തകര്‍ന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്തുതന്നെ പോലീസ് എത്തി തകര്‍ന്ന വാഹനം നീക്കംചെയ്തു.

ഷട്ടര്‍ പൊളിഞ്ഞുകിടന്നിട്ടും ജ്വല്ലറി ഉടമകളെ വിവരം അറിയിച്ചില്ലെന്ന് ആരോപിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കളും പോലീസുമായി തര്‍ക്കമുണ്ടായി. രാവിലെ പരിസരത്ത് എത്തിയ ഹോട്ടല്‍ജീവനക്കാരാണ് സംഭവം കടയുടമകളെ അറിയിച്ചത്.

Also Read- വനിതാ പൊലീസിന്റെ വീട് ആക്രമിച്ചു; പ്രതികളെ പിടിക്കാനെത്തിയ ജീപ്പ് മറിഞ്ഞു

അപകടം നടന്ന വിവരം അറിയിക്കാതിരിക്കുകയും മിനിറ്റുകള്‍ക്കകം ക്രെയിന്‍ എത്തിച്ച് വാഹനം നീക്കുകയും അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയും ചെയ്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. സംഭവത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കി. ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് വാഹനം വേഗത്തില്‍ നീക്കംചെയ്തതെന്നും പുലര്‍ച്ചെ ആയതിനാലാണ് ഉടമകളെ അറിയിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.
Published by:Arun krishna
First published: