HOME » NEWS » Crime » WOMAN DIES AFTER FALLING FROM AUTO IN DELHI

കാമുകനുമായുള്ള തർക്കത്തിനിടയിൽ ഓട്ടോയിൽ നിന്ന് വീണ് യുവതി മരിച്ചു; യുവാവ് അറസ്റ്റിൽ

ഓട്ടോറിക്ഷ കയറുന്നതിനു മുമ്പ് പരംജീത്തും ഹൃതിക്കും തമ്മിൽ തർക്കമുണ്ടായിരുന്നു.

News18 Malayalam | news18-malayalam
Updated: February 26, 2021, 11:21 AM IST
കാമുകനുമായുള്ള തർക്കത്തിനിടയിൽ ഓട്ടോയിൽ നിന്ന് വീണ് യുവതി മരിച്ചു; യുവാവ് അറസ്റ്റിൽ
(പ്രതീകാത്മക ചിത്രം)
  • Share this:
കാമുകനൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് യുവതി മരിച്ചു. ഡൽഹിയിലെ സാരായ് കാലെ ഖാൻ ഏരിയയിലാണ് സംഭവം. പരംജീത്ത് കൗർ എന്ന യുവതിയാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഹൃതിക് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈസ്റ്റ് ഡൽഹിയിലെ കല്യാൺപുരി സ്വദേശിയാണ് പരംജീത്ത്. മോതിബാഗിലെ നനാക്പുര സ്വദേശിയായ ഹൃതിക്കുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,


ആശ്രം ചൗക്കിൽ നിന്നും ഓട്ടോറിക്ഷ കയറുന്നതിനു മുമ്പ് പരംജീത്തും ഹൃതിക്കും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടയിൽ പരംജീത്തിന്റെ സുഹൃത്തായ സിദ്ധാർത്ഥും സ്ഥലത്തെത്തി. ഇതോടെ പ്രകോപിതനായ ഹൃതിക് യുവതിയെ റോഡിൽ വെച്ച് നിരവധി തവണ മർദ്ദിച്ചിരുന്നു.

ഇതിനു ശേഷമാണ് ഇരുവരും ഓട്ടോയിൽ കയറുന്നത്. ഓട്ടോറിക്ഷയിൽ വെച്ചും ഹൃതിക് പരംജീത്തിനെ അടിച്ചിരുന്നു. കല്യാൺപുരിയിലുള്ള പരംജീത്തിന്റെ വീട്ടിലേക്ക് പോകുന്നതിനായാണ് ഓട്ടോയിൽ കയറിയത്.

You may also like:45കാരി പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി; കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി

യാത്രക്കിടയിൽ തർക്കം തുടരുന്നതിനിടയിൽ പരംജീത്ത് സ്വന്തം ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതെടുക്കാനായി ഓട്ടോ നിർത്തി ഹൃതിക്കും യുവതിയും പുറത്തിറങ്ങി. പൊട്ടിയ ഫോണെടുത്ത് വീണ്ടും ഓട്ടോയിൽ കയറി. ഓട്ടോ എൻഎച്ച് 24 ഫ്ലൈ ഓവറിൽ എത്തിയപ്പോൾ പരംജീത്ത് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് വീണുവെന്നാണ് ഓട്ടോ ഡ്രൈവറായ ശംസുൽ അലിയും ഹൃതിക്കും പറയുന്നത്.

ഹൃതിക്കും സിദ്ധാർത്ഥും ചേർന്നാണ് പരംജീത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. പാണ്ഡവ് നഗറിലുള്ള ആശുപത്രിയിൽ യുവതിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

You may also like:അത് വാഹനാപകടമല്ല; ഭാര്യാപിതാവിനെ കാറിടിച്ച് കൊന്നത്: നിർണായകമായത് മകന്റെ മൊഴി

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൗത്ത് ഈസ്റ്റ് ഡപ്യൂട്ടി കമ്മീഷണർ ആർപി മീന അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, കൂട്ടുകാരൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് പതിനഞ്ചുകാരി തൂങ്ങി മരിച്ചു. ജാർഖണ്ഡിലെ പാകൂർ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയുടെ കൂട്ടുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരന്റെ മരണം അറിഞ്ഞതു മുതൽ പെൺകുട്ടി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

തിങ്കളാഴ്ച്ച രാത്രി പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച്ച രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ മകളെ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

സുഹൃത്തിന്റെ മരണത്തിൽ മകൾ മനോവിഷമത്തിലായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരിച്ച ആൺകുട്ടിയുടെ ബന്ധുക്കൾ പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പെൺകുട്ടിയുടെ വീട്ടുകാർക്ക് തങ്ങളുടെ മകനുമായുള്ള അടുപ്പത്തിൽ എതിർപ്പുണ്ടായിരുന്നുവെന്നും ഇതുമൂലമുള്ള മനോവിഷമത്താലാണ് മകൻ ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്. മകളുമായി അടുപ്പം തുടർന്നാൽ കൊല്ലുമെന്ന് പെൺകുട്ടിയുടെ അച്ഛൻ ഭീഷണിപ്പെടുത്തിയതായി ആൺകുട്ടിയുടെ അമ്മ പറയുന്നു.
Published by: Naseeba TC
First published: February 26, 2021, 11:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories