കോഴിക്കോട്: ട്രെയിന്‍ മാറിക്കയറിയ യാത്രക്കാരിയെ വനിതാ ടിക്കറ്റ് എക്സാമിനർ അപമാനിച്ചതായി പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ബാലുശേരി സ്വദേശിനി ചളുക്കിൽ നൗഷത്താണ് ടിടിഇയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. മാധ്യമം ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ടിക്കറ്റെടുക്കാതെ കയറിയെന്ന് ആരോപിച്ച് വനിതാ ടിടിഇ തട്ടിക്കയറുകയായിരുന്നു. ഫൈൻ അടക്കാമെന്ന് പറഞ്ഞിട്ടും ടിടിഇ മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ച് ഷാൾ വലിച്ചൂരുകയും അസഭ്യം ചെയ്തെന്നുമാണ് പരാതി. പിന്നീട് പൊലീസ് ഔട്ട് പോസ്റ്റിലെത്തി പരാതി നൽകിയെങ്കിലും നടപടിയുണ്ടായിലെലന്ന് യുവതി പറഞ്ഞു.
വലിച്ചൂരിയ ഷാൾ രണ്ടു മണിക്കൂറിനുശേഷം പരാതിയില്ലെന്ന് എഴുതി ഒപ്പീടിച്ച ശേഷമാണ് ടിടിഇ യുവതിക്ക് തിരികെ നൽകിയത്. ഈ സംഭവങ്ങളുടെയെല്ലാം വീഡിയോ മൊബൈൽഫോണിൽ പകർത്തിയിട്ടുണ്ട്.
തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരുമ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് യുവതി പറയുന്നു. തിങ്കളാഴ്ച വൈകിട്ട് 3.40 ന് തലശ്ശേരിയില്‍ എത്തുന്ന മെമു ട്രെയിനിനാണ് യുവതി ടിക്കറ്റ് എടുത്തത്. എന്നാൽ അതിന് മുമ്പ് വന്ന ഇന്‍റർസിറ്റിയിലാണ് യുവതി മാറിക്കയറിയത്. ഈ ട്രെയിനിന് കൊയിലാണ്ടിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.
കോഴിക്കോട്ട് സ്റ്റേഷനിൽ ഇറങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന വനിത ഉദ്യോഗസ്ഥ യുവതിയുടെ ടിക്കറ്റ് പരിശോധിച്ചു. ട്രെയിന്‍ മാറിപ്പോയതാണെന്നും പരിചയക്കുറവുണ്ടെന്നും ഒറ്റക്ക് യാത്ര ചെയ്ത് പരിചയമില്ലെന്നും യുവതി ടിടിഇയെ അറിയിച്ചു. ഫൈന്‍ അടക്കാമെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥ വഴങ്ങിയില്ല.
അതിനിടെ ഭർത്താവിനെ വിളിക്കാനായി മൊബൈൽഫോൺ എടുത്തതോടെയാണ് ടിടിഇ യുവതിയുടെ ഷാൾ വലിച്ചൂരിയത്. പിന്നീട് ഷാൾ തിരികെ നൽകാതെ അവർ ഓഫീസിലേക്ക് പോയി. യുവതി പൊലീസ് ഔട്ട്പോസ്റ്റിലെത്തി പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാൻ അവർ തയ്യാറായില്ല. പരാതി കൊടുത്താല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് കൂടുതൽ നടപടി നേരിടേണ്ടിവരുമെന്ന് അവർ യുവതിയോട് പറഞ്ഞു.
Also Read- പോക്സോ കേസിൽ പ്രതിയായ റിട്ട. എസ്.ഐ അതിജീവിതയുടെ വീട്ടിൽ മരിച്ച നിലയിൽ
അതിനിടെ ഷാൾ ഇല്ലാതെ സ്റ്റേഷനിൽനിന്ന യുവതിക്ക് ഒരു ഓട്ടോഡ്രൈവർ ഷാൾ വാങ്ങിനൽകുകയായിരുന്നു. അതിനിടെ യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്ത് സ്ഥലത്തെത്തുകയും ഫൈൻ അടച്ചശേഷം ഷാൾ തിരികെ നൽകുകയുമായിരുന്നു.
സംഭവത്തിൽ യുവതി പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കാനൊരുങ്ങുകയാണ്. ഭര്‍ത്താവിന്റെ തലശ്ശേരിയിലെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ഇതാദ്യമായാണ് താൻ ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്തതെന്നും, പരിചയക്കുറവാണ് ട്രെയിൻ മാറിക്കയറാൻ ഇടയാക്കിയതെന്നും യുവതി പറയുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടിലാണ് റെയിൽവേ പൊലീസും ആർപിഎഫും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.