• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| വിവാഹം കഴിഞ്ഞ് 14ാം ദിവസം നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

Arrest| വിവാഹം കഴിഞ്ഞ് 14ാം ദിവസം നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയത്. ഏഴുവർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

  • Share this:
    തൃശൂർ: വിവാഹം കഴിഞ്ഞ് പതിനാലാം ദിനം ഭർതൃവീട്ടിലെ കുളിമുറിയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര കരുവേലി അരുൺ (36), അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മുല്ലശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും മകളായ ശ്രുതിയെ (26) 2020 ജനുവരി 6ന് ആണു മരിച്ച നിലയിൽ കണ്ടെത്തിയത്.

    രണ്ടര വർഷമായി പൊലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് മുന്നോട്ടു നീങ്ങാത്തതിൽ പ്രതിഷേധിച്ചു ശ്രുതിയുടെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ക്രൈം ബ്രാഞ്ചിന് കോടതി നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയത്. ഏഴുവർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

    കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭർതൃവീട്ടുകാരുടെ വാദം. എന്നാൽ, സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ശ്രുതിയെ അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കൊലപാതകമാണെന്നും കാട്ടി ശ്രുതിയുടെ വീട്ടുകാർ പരാതി നൽകിയതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് ശ്രുതിയുടെ മരണമെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി.

    പരിക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ചു; ചികിത്സ കിട്ടാതെ മരണം, യുവാവ് അറസ്റ്റില്‍

    ഇടുക്കി അടിമാലിയിൽ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ നടുറോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സുഹ‍ൃത്ത് അറസ്റ്റിൽ. പുത്തൻപുരയ്ക്കൽ ചന്ദ്രന്‍ (45) ആണ് കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യാക്കോസാണ് (28) അറസ്റ്റിലായത്.

    ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണു ചെങ്കുളത്തിനു സമീപം റോഡരികിൽ നാട്ടുകാർ കണ്ടെത്തിയത്. അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിർത്തിയിരിക്കുന്നതു വഴിയാത്രക്കാർ കണ്ടിരുന്നെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പങ്ക് വ്യക്തമായത്.

    ചെങ്കുളത്തു വച്ചു ചൊവ്വാഴ്ച രാത്രി 9.30ന് ജിമ്മിയുടെ ബൈക്കിനു ചന്ദ്രൻ കൈ കാണിച്ചു. ആനച്ചാലിലേക്കു പോകും വഴി ചെങ്കുളത്തിനടുത്തു വച്ചാണ് ബൈക്ക് മറിഞ്ഞത്. നൂലാമാലകളിൽ നിന്നൊഴിവാകാൻ റോഡരികിലേക്കു ചന്ദ്രനെ മാറ്റി കിടത്തിയ ശേഷം ജിമ്മി സ്ഥലംവിടുകയായിരുന്നു.

    പിറ്റേന്നാണു മരിച്ച വിവരം അറിഞ്ഞതെന്നു ജിമ്മിയുടെ മൊഴിയിൽ പറയുന്നു. വീഴ്ചയിൽ ചന്ദ്രന്റെ നട്ടെല്ലിനു ക്ഷതമേറ്റതാണു മരണകാരണം. അപകടം നടന്ന സമയത്ത് ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകരമായ നരഹത്യയ്ക്കു കേസ് റജിസ്റ്റർ ചെയ്തു ജിമ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    Published by:Rajesh V
    First published: