ജോധ്പുർ: തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് ഭർതൃ സഹോദരിയെ കൊന്ന യുവതി അറസ്റ്റിലായി. രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലാണ് സംഭവം. ഭർതൃ സഹോദരിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി കിടക്കയുടെ അടിയിൽ സൂക്ഷിക്കുകയായിരുന്ന പൂജ എന്ന യുവതിയെയാണ് പൊലീസ് പിടിച്ചത്.
ജോധ്പുർ ജില്ലയിലെ സൻവർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാഡെലിയ ഗ്രാമത്തിലെ ഭിലോനി ധനി സ്വദേശിനി രേഖയാണ് കൊല്ലപ്പെട്ടത്. സഹോദരന്റെ ഭാര്യയായ പൂജയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ, രേഖ അന്വേഷിച്ചു സഹോദരന്റെ വീട്ടിലെത്തി. ഈ സമയം തുടർച്ചയായി പൂജ ഫോൺ സംസാരത്തിലായിരുന്നു. രേഖ വന്നത് കണ്ടെങ്കിലും മനപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയും ഫോൺ സംസാരം തുടരുകയുമായിരുന്നു. ഇതോടെയാണ് പൂജയുടെ ഫോൺ സംസാരം മറ്റൊരു നഗരത്തിൽ ജോലി ആവശ്യത്തിനായി പോയ സഹോദരനെ അറിയിക്കുമെന്ന് രേഖ ഭീഷണിപ്പെടുത്തുന്നത്.
എന്നാൽ തന്റെ ഫോൺ സംസാരം ഭർത്താവ് അറിഞ്ഞാൽ പ്രശ്നമാകുമെന്ന് കരുതിയ പൂജ, രേഖയെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ഇതനുസരിച്ച് പിറ്റേ ദിവസം രേഖയെ വീട്ടിലേക്കു വിളിച്ചു വരുത്തുകയും കിടപ്പുമുറിയിൽ വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. രേഖയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഒരു പെട്ടിയിലാക്കിയ ശേഷം കിടക്കയുടെ അടിയിൽ ഒളിപ്പിക്കുകയായിരുന്നു.
Also Read-
മകളെ പീഡിപ്പിച്ച പ്രതിയുടെ വീട്ടിൽ കയറി പിതാവ് ആറുപേരെ കൊന്നു ; സംഭവം വിശാഖപട്ടണത്ത്
വീട്ടിൽനിന്ന് ഇറങ്ങിയ അമ്മ രാത്രി വൈകിയിട്ടും തിരിച്ചുവരാതെ ആയതോടെ രേഖയുടെ മകൾ അന്വേഷിച്ച് പൂജയുടെ വീട്ടിൽ എത്തി. എന്നാൽ രേഖ അവിടെ നിന്ന് പോയെന്നായിരുന്നു പൂജയുടെ മറുപടി. കൂടാതെ പൂജയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രേഖയുടെ മകൾ, അമ്മയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. പിറ്റേ ദിവസം വീണ്ടും രേഖയുടെ മകൾ പൂജയുടെ വീട്ടിലെത്തി. ഈ സമയം വീടിനുള്ളിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതോടെ, പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രേഖയുടെ മൃതദേഹം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ പൂജ കുറ്റം സമ്മതിച്ചു.
ഇതോടെ പൂജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ നടന്ന സംഭവങ്ങളെല്ലാം പൂജ തുറന്നു പറഞ്ഞു. സുഹൃത്തുമായുള്ള ഫോൺ സംഭാഷണം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് രേഖയെ കൊലപ്പെടുത്തിയതെന്നും പൂജ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൂജയ്ക്കെതിരെ കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പൂജയെ റിമാൻഡ് ചെയ്തു. രേഖയുടെ മൃതദേഹം ജോധ്പൂരിലെ മഥുരദാസ് മാത്തൂർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.