• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Seized| രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് 35 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി മംഗലാപുരത്ത് പിടിയിൽ‌; കണ്ണൂരിൽ പിടികൂടിയത് 75 ലക്ഷം രൂപയുടെ സ്വർണം

Gold Seized| രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് 35 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി മംഗലാപുരത്ത് പിടിയിൽ‌; കണ്ണൂരിൽ പിടികൂടിയത് 75 ലക്ഷം രൂപയുടെ സ്വർണം

75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.

  • Share this:
രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 35 ലക്ഷം രൂപ വില വരുന്ന 739 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനിയെ മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തളങ്കര സ്വദേശിനിയാണ് അറസ്റ്റിലായത്. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 35 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. ഉരുക്കി പരത്തിയ 24 കാരറ്റ് സ്വര്‍ണം ചാരനിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായിരുന്നു യുവതി.

ഇതിനിടെ, 75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തില്‍ എത്തിയ അബ്ദുല്‍ ഷംറൂദില്‍ നിന്ന് 48 ലക്ഷം രൂപ വിലവരുന്ന 782 ഗ്രാം സ്വര്‍ണവും അബൂദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മൊയ്തീന്‍ കുഞ്ഞിയില്‍ നിന്ന് 37 ലക്ഷം രൂപ വിലവരുന്ന 768 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. അബ്ദുല്‍ ഷംറൂദും മൊയ്തീന്‍കുഞ്ഞിയും പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരനിൽ നിന്നും കള്ളക്കടത്ത് സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ (Karipur Airport) വിമാന സുരക്ഷാ ജീവനക്കാരനിൽ നിന്നും കള്ളക്കടത്ത് സ്വർണം പിടികൂടി (Gold Seized). സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലി ആണ് പിടിയിൽ ആയത്. ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

യാത്രക്കാരൻ കൊണ്ടുവന്ന് വിമാനത്തിന്റെ സീറ്റിന് ഇടയിൽ ഒളിപ്പിച്ചുവെച്ച നാല് പാക്കറ്റ് സ്വർണ്ണ മിശ്രിതം പുറത്തു കടത്താൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകർ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്താൻ തുടങ്ങിയത്. സംഭവത്തിൽ കസ്റ്റംസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺ കുമാർ കെ കെ, പ്രകാശ്‍ എം, ഇൻസ്പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ ഇ, കപിൽ സുറിറ, ഹെഡ് ഹവിൽദാർമാർ ആയ സന്തോഷ് കുമാർ എം, മോഹനൻ ഇ വി, രാജേഷ് വി കെ എന്നിവർ ചേർന്നാണ് പ്രസ്തുത സ്വർണം പിടികൂടിയത്.
Published by:Rajesh V
First published: