തെലങ്കാനയില്‍ 18 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്. കാമുകനൊപ്പം (24) ഒളിച്ചോടുന്നതിനായാണ് പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നും പോലീസ് വ്യക്തമാക്കി.
രാജന്ന സിര്‍സില്ല ജില്ലയില്‍ നിന്ന് നാല് പേര് യുവതിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തു വന്നത്. ദളിത് യുവാവുമായുള്ള വിവാഹത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്ന് പെണ്‍കുട്ടി പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
‘ഞങ്ങള്‍ ഒരു വര്‍ഷം മുമ്പ് വിവാഹിതരായവരാണ്. അന്ന് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തതിനാല്‍ എന്റെ മാതാപിതാക്കള്‍ അത് അംഗീകരിക്കാതെ എന്റെ ഭര്‍ത്താവിനെതിരെ കേസ് കൊടുത്തു. ഇപ്പോള്‍ തനിയ്ക്ക് പ്രായപൂര്‍ത്തിയായി അതിനാല്‍ ഞങ്ങള്‍ വിവാഹിതരായി. എന്റെ ഭര്‍ത്താവ് ദളിതനായതിനാല്‍ എന്റെ വീട്ടുകാര്‍ ഇപ്പോഴും വിവാഹത്തെ എതിര്‍ക്കുന്നു,’ പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞു.
Also read: വെട്ട്, കുത്ത്, തമ്മിൽ തല്ല്…; മലയാളികളുടെ തല്ലുമാലയ്ക്ക് ലോകകപ്പ് ഫൈനലും കാരണം
കാമുകനൊപ്പം ഇഷ്ടത്തോടെയാണ് പോയതെന്നും ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നും പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ മൊഴി നല്‍കിയിട്ടുണ്ടെന്ന് എസ്പി സിര്‍സില്ല രാഹുല്‍ ഹെഗ്ഡെ പറഞ്ഞു.
മൂഡപല്ലെ ഗ്രാമത്തില്‍ വച്ച് പുലര്‍ച്ചെ 5.30 ഓടെ കോളേജ് വിദ്യാര്‍ത്ഥിനിയായ മകളും പിതാവും ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് സംഭവം. മകളെ
തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് പ്രതികള്‍ തന്നെ മര്‍ദിച്ചതായി പിതാവ് ആരോപിച്ചിരുന്നു. പ്രതികളിലൊരാള്‍ തങ്ങളുടെ ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു
‘സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു, അവരെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. സംഭവത്തില്‍ നാല് പേര് ഉള്‍പ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടി മുമ്പ് കാമുകനൊപ്പം ഒളിച്ചോടി പോയിരുന്നു. ഇപ്പോള്‍ പെൺകുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍, അവര്‍ ഒളിച്ചോടിയിരിക്കാനാണ് സാധ്യത. ഇവരെ പിടികൂടാന്‍ മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്,’എന്ന് വെമുലവാഡ ഡിഎസ്പി നാഗേന്ദ്ര ചാരിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഒളിച്ചോടിയിരുന്നു, എന്നാല്‍ അന്ന് കൗണ്‍സിലിംഗ് നടത്തിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം തിരിച്ചയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെ കര്‍ണാടകയിൽ മകള്‍ അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വിഷമത്തില്‍ മനംനൊന്ത് യുവതിയുടെ മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തിരുന്നു. മകളെ കാണാതായതിനു പിന്നാലെ ഇവർ പോലീസിൽ പരാതി നല്‍കിയിരുന്നു. അര്‍ച്ചന എന്ന യുവതി അന്യജാതിയില്‍പ്പെട്ട നാരായണസ്വാമിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാനാണ് വീട്ടില്‍ നിന്ന് പോയതെന്നും പോലീസ് പറഞ്ഞു. അര്‍ച്ചനയുടെ പിതാവ് എഴുതിയ ആത്മഹത്യാ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് കാരണം മകളാണെന്നും തന്റെ സ്വത്തില്‍ നിന്ന് മകള്‍ക്ക് ഒന്നും ലഭിക്കരുതെന്നും ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിരുന്നു.
Summary: Woman weaves own abduction story to run away with her lover
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.