കോഴിക്കോട്: നാദാപുരം വളയം കുറുവന്തേരിയിലെ ഭര്‍തൃവീട്ടില്‍നിന്ന് കാണാതായ യുവതി രണ്ട് ദിവസത്തിനുശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കൊല്ലം സ്വദേശിനിയായ 21കാരിയെ രണ്ടുദിവസം മുൻപാണ് ഭര്‍തൃവീട്ടില്‍നിന്നും കാണാതായത്. വീട്ടുകാര്‍ പരാതി നല്കി കാത്തിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
ഭര്‍ത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കൊല്ലത്തുനിന്നുള്ള അഭിഭാഷകനും കൊട്ടിയം സ്വദേശിയുടെ ബന്ധുവിനുമൊപ്പമാണ് യുവതി വളയം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം. യുവതിയുടെ ഗള്‍ഫിലുള്ള ബന്ധുക്കള്‍ വഴിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍കിടന്ന യുവതിയെ ബുധനാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.
താലി ഉള്‍പ്പെടെ ഭര്‍തൃവീട്ടുകാര്‍ നല്കിയ സ്വര്‍ണാഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവെച്ചാണ് യുവതി പോയത്. രണ്ടു ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും ഒപ്പം കൊണ്ടുപോയിരുന്നു. യുവതിയെ വളയം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ തിരയടിച്ചു; കടലിൽ വീണ് യുവാവ് മരിച്ചു
തിരുവനന്തപുരം വിഴിഞ്ഞം ആഴിമല കടൽ തീരത്ത് പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കവേ തിരയടിച്ച് കടലിൽ വീണ് യുവാവ് മരിച്ചു. പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകൻ ജ്യോതിഷ് (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.
ആഴിമല ശിവക്ഷേത്രത്തിൽ 21 അംഗ തീർത്ഥാടക സംഘത്തോടൊപ്പം ദർശനത്തിന് എത്തിയതായിരുന്നു ജ്യോതിഷ്. ദർശനത്തിന് ശേഷം ജ്യോതിഷും സ്ത്രീകളുമുൾപ്പെട്ട 21 അംഗ സംഘം കടൽ തീരത്തേക്ക് പോകാനായി താഴത്തെ പാറക്കെട്ടുകളിലെത്തി. അപകടമേഖലയായ ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡുകളിലെ മുന്നറിയിപ്പുകൾ അവഗണിച്ചായിരുന്നു സംഘം പാറക്കെട്ടുകളിലെത്തിയത്. ഇവിടെ നിന്ന് സെൽഫിയെടുക്കുന്നതിനിടെ തിരമാല അടിച്ചുകയറുകയായിരുന്നു. കടലിലേക്ക് കാൽ വഴുതി വീണ് ജ്യോതിഷിനെ കാണാതായി.
ജ്യോതിഷ് കടലിലേക്ക് വീഴുന്നത് കണ്ട് കൂടെയുള്ള സംഘത്തിലെ ആളുകൾ നിലവിളിച്ചതോടെയാണ് ലൈഫ് ഗാർഡുകൾ അടക്കമുള്ളവർ സംഭവമറിഞ്ഞത്. ഉടൻ തന്നെ ഇവർ വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. എസ്എച്ച്ഒ എച്ച് അനിൽകുമാർ, എസ്ഐ ജി എസ് പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പാറക്കെട്ടുകളിൽ പരിശോധന നടത്തിയെങ്കിലും ജ്യോതിഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് എഎസ്ഐ അജിത്, സിപിഒ പ്രസൂൺ കോസ്റ്റൽ വാർഡന്മാരായ സുനീറ്റ്, സിൽവസ്റ്റർ, സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പട്രോളിങ് ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചലിൽ അടിമലത്തുറ ഫാത്തിമമാത പള്ളിക്ക് സമീപ൦ കടലിൽ യുവാവ് ഒഴുകിപ്പോകുന്നത് കണ്ടു. തുടർന്ന് വടമുപയോഗിച്ച് യുവാവിനെ ബോട്ടിലേക്ക് വലിച്ചുകയറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.