അടുത്തിടെ കർണാടകയിലെ (Karnataka) മംഗലാപുരത്ത് (Mangaluru) ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ആത്മഹത്യാപ്രേരണാ കുറ്റത്തിന് 50കാരിയായ സ്ത്രീയെ മംഗലാപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു (Mangaluru City Police). മംഗലാപുരത്ത് ഒരു കുടുംബത്തിലെ അംഗങ്ങളായ നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കളായ സപ്ന (8), സമർഥ് (4) എന്നിവർ അടങ്ങിയ കുടുംബത്തെയാണ് നഗരത്തിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച നടന്ന ഈ സംഭവത്തിൻെ അടിസ്ഥാനത്തിലാണ് നൂർജഹാൻ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത്.
ഗൃഹനാഥനായ നാഗേഷ് ആദ്യം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം രണ്ട് മക്കളെയും വിഷം കൊടുത്ത് കൊല്ലുകയും പിന്നീട് തൂങ്ങി മരിക്കുകയുമായിരുന്നു. ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് നാഗേഷ് എഎസ്ഐ കെ ചന്ദ്രശേഖറിന് ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. നൂർജഹാൻ തന്റെ ഭാര്യയെ മത പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നുവെന്നും അവരുടെ മരണത്തിന് നൂർജഹാനാണ് കാരണക്കാരി എന്നും പറഞ്ഞുകൊണ്ടുള്ള സന്ദേശമായിരുന്നുഅത്.
അറസ്റ്റ് ചെയ്യപ്പെട്ട നൂർജഹാൻ വിവാഹ ബ്രോക്കർ ആണ്. വിജയലക്ഷ്മി നൂർജഹാന്റെ അപ്പാർട്ട്മെന്റിലാണ് ജോലി ചെയ്തിരുന്നത്. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടെന്ന് മംഗലാപുരം പോലീസ് കമ്മീഷണർ (Mangaluru Police Commissioner) എൻ.ശശി കുമാർ ശനിയാഴ്ച പറഞ്ഞു."വിജയലക്ഷ്മി തന്റെ ഭർത്താവിന്റെ നിരന്തരമായ പീഡനത്തെക്കുറിച്ച് നൂർജഹാനോട് എപ്പോഴും പറയുമായിരുന്നു. നാഗേഷ് വിവാഹമോചനം ആവശ്യപ്പെട്ട കാര്യവും വിജയലക്ഷ്മി നൂർജഹാനോട് പറഞ്ഞിരുന്നു. ശേഷം വിജയലക്ഷ്മിയ്ക്ക് അനുയോജ്യമായ വരനെ കണ്ടെത്താമെന്ന് നൂർജഹാൻ വിജയലക്ഷ്മിക്ക് ഉറപ്പു നൽകുകയും ചെയ്തു", കമ്മീഷ്ണർ പറഞ്ഞു
"കുട്ടികളോടൊപ്പം ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്താൻ വിജയലക്ഷ്മി പദ്ധതിയിടുന്നതിനെക്കുറിച്ച് നാഗേഷ് അറിഞ്ഞു. ഈ വിഷയത്തെക്കുറിച്ച് ദമ്പതികൾ പലപ്പോഴും വഴക്കിടുകയും ചെയ്തിരുന്നു. ഒക്ടോബറിൽ വിജയലക്ഷ്മി വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും നൂർജഹാനോടൊപ്പം താമസിക്കാൻ തുടങ്ങുകയും ചെയ്തു. ശേഷം നാഗേഷ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി ഫയൽ ചെയ്തു. നൂർജഹാന്റെ വീട്ടിൽ ചെന്ന് അവരോടും വിജയലക്ഷ്മിയോടും നാഗേഷ് വഴക്കുണ്ടാക്കി. തുടർന്ന് ആറു ദിവസത്തിനുശേഷം അവർ വീണ്ടും ഒന്നിച്ചു", കമ്മീഷണർ കൂട്ടിച്ചേർത്തു.
വിജയലക്ഷ്മിക്ക് ഒരു പുതിയ പങ്കാളിയെ കണ്ടെത്താമെന്ന നൂർജഹാന്റെ വാഗ്ദാനത്തിന്റെ തെളിവുകളും മറ്റ് സാഹചര്യ തെളിവുകളും നൂർജഹാൻ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നത് വെളിപ്പെടുത്തുന്നുണ്ടെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. കുടുംബത്തിന്റെ മരണം നടന്ന അതേ ദിവസം തന്നെ നൂർജഹാനെയും പോലീസ് അറസ്റ്റ് ചെയ്തു. സെക്ഷൻ 306 (ആത്മഹത്യാ പ്രേരണ) പ്രകാരം നൂർജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആത്മഹത്യയ്ക്ക് മുൻപ് നാഗേഷ് പൊലീസിനയച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നൂർജഹാനാണ് ആത്മഹത്യാ പ്രേരണ നടത്തിയതെന്ന് പൊലീസിന് ബോധ്യമായത്. ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.