കോഴിക്കോട്: ഭർത്താവ് മരിച്ചതാണെന്നും തനിക്ക് ഒരു കുട്ടി ഉണ്ടെന്നും വിവാഹത്തിന് താല്പര്യം ഇല്ലെന്നും യുവാവിനോട് പറഞ്ഞിരുന്നതായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ യുവാവിന്റെ കുത്തേറ്റ യുവതി വ്യക്തമാക്കി. അങ്കമാലിയിൽ നിന്ന് സനിലിനെ കണ്ടിരുന്നുവെന്ന് യുവതി പറഞ്ഞു. യുവാവിനെ ഭയന്ന് അയാൾ അറിയാതെയാണ് താൻ ബസിൽ കയറിയത്. പക്ഷെ എടപ്പാൾ സ്റ്റോപ്പിൽ ബസ് എത്തിയപ്പോൾ യുവാവും ബസിൽ കയറി. നീ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്നും ഫോൺ വിളിക്കുന്നുണ്ടെന്നും പറഞ്ഞാണ് ബാഗിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ചു കുത്തിയതെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read- മലപ്പുറത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു
യുവാവിന് തന്നെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ താൻ സമ്മതിച്ചില്ല. തനിക്ക് ഒരു കുട്ടി ഉണ്ട്. ഭർത്താവ് മരിച്ചതാണ്. വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നു. വീട്ടുകാരും എതിർത്തിരുന്നു. അയാളും വിവാഹിതനാണ്. ഭീഷണി ഉള്ള കാര്യം പരാതിയായി പൊലീസിൽ മുൻപ് നൽകിയിരുന്നുവെന്നും യുവതി പറഞ്ഞു.
അതേസമയം, യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ കുത്തിയത്. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടുക്കുന്ന സംഭവമുണ്ടായത്. യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വർഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Ksrtc bus, Malappuram