• HOME
  • »
  • NEWS
  • »
  • crime
  • »
  • 'കാക്കിയോട് പ്രണയം'; പോലീസ് വേഷത്തില്‍ വാഹനപരിശോധന നടത്തിയ യുവാവ് പിടിയില്‍

'കാക്കിയോട് പ്രണയം'; പോലീസ് വേഷത്തില്‍ വാഹനപരിശോധന നടത്തിയ യുവാവ് പിടിയില്‍

നിലവില്‍ പരിയാരം സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലരാണ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.

  • Last Updated :
  • Share this:
    പോലീസ് യൂണിഫോമില്‍ പരിയാരം സബ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് വാഹന പരിശോധന നടത്തിയ യുവാവ് പിടിയില്‍.  കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.ജഗദീഷിനെയാണ് (40) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.  പോലീസ് വേഷത്തോടുള്ള അമിതമായ താത്പര്യമാണ് ഇന്‍സ്‌പെക്ടറായി വേഷംകെട്ടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍  പറഞ്ഞു. വൈകിട്ട് പയ്യന്നൂര്‍ കോറോത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

    കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഇയാള്‍ പോലീസ് വേഷത്തില്‍ റോഡില്‍ വാഹനപരിശോധന ഉള്‍പ്പെടെ നടത്തിവരികയായിരുന്നു. പ്രവാസിയായിരുന്ന ഇയാള്‍ പയ്യന്നൂരിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഇപ്പോള്‍ ഡ്രൈവറാണ്.  വാഹനപരിശോധന നടത്തി യാത്രക്കരെ ഉപദേശം നല്‍കി വിടുകയാണ് തന്‍റെ രീതിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

    നിലവില്‍ പരിയാരം സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലരാണ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പോലീസ് യൂണിഫോം ധരിച്ച് അതിനുമുകളില്‍ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര.

    പരിശോധനാസമയത്ത് കോട്ട് അഴിച്ചുമാറ്റും. പോലീസ് യൂണിഫോമിന്‍റെ മറവില്‍ യുവാവ് സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

    നാടകത്തില്‍ ഉപയോഗിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് പയ്യന്നൂരിലെ ഒരു തയ്യല്‍ക്കടയില്‍ നിന്നാണ് ജഗദീഷ് യൂണിഫോം തയാറാക്കി വാങ്ങിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് വേഷത്തില്‍ ടിക് ടോക്കിലും ഇയാള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ദിലീപ്, വി.രാജീവന്‍ എന്നിവരാണ് പോലീസ് വേഷത്തില്‍ വാഹനപരിശോധന നടത്തവെ ഇയാളെ പിടികൂടിയത്.
    Published by:Arun krishna
    First published: