തിരുവനന്തപുരം: തിരുവല്ലത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിരുദ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം പാലപ്പൂര് റോഡിൽ ദാറുൽസലാം വീട്ടിൽ ചാൻബീവി (78)യുടേത് കൊലപാതകമെന്നാണ് കണ്ടെത്തിയത്. ഇവരുടെ സഹായിയായ സ്ത്രീയുടെ ചെറുമകനും സമീപവാസിയുമായ ബിരുദ വിദ്യാർഥിയാണ് അറസ്റ്റിലായത്. എട്ടാം തിയതി ഉച്ചതിരിഞ്ഞു നടന്ന കൊലപാതകം ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണെന്ന് പൊലീസ് വ്യക്തമാക്കി.
Also Read- വഴക്കിനൊടുവില്‍ 28കാരിയായ നവവധുവിനെ കൊലപ്പെടുത്തി; 24കാരനായ ഭർത്താവ് ഒളിവിൽ
രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അലക്സ്. വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ ചാൻ ബീവിയെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവർ ചാൻ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വർണമാലയും രണ്ട് പവൻ വരുന്ന രണ്ട് വളകളും മോഷണം പോയതാണ് മരണത്തെ കുറിച്ച് ദുരൂഹത ഉയരാൻ കാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ അടിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിരുന്നു.
വീട്ടിൽ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്സ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം പോലീസ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ദർ, ഡോഗ് സ്ക്വാഡ് എന്നിവർ എത്തി പരിശോധനകൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.
Also Read- പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം; രണ്ട് കേസുകളിലെയും പ്രതികൾ പിടിയിൽ
കൊലപാതകം എങ്ങനെ?
ചാൻ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്സ്. വീടിന്റെ പിന്നിലെ മതിൽ ചാടിക്കടന്ന് എത്തിയ അലക്സ് തോട്ടി ഉപയോഗിച്ച് മുൻവാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഴുന്നേറ്റു വന്ന ചാൻബീവിയുടെ മാലയിൽ പിടിച്ചു വലിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാൻബീവി ‘അലക്സേ വിടെടാ’ എന്നു പറഞ്ഞതോടെ തലമുടിയിൽ പിടിച്ചു ചുമരിൽ രണ്ടു തവണ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തി ആഭരണങ്ങൾ കവരുകയായിരുന്നു. തുടർന്ന് കോളജിൽ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ച ശേഷം വീട്ടിൽ മടങ്ങി എത്തി.
ആശുപത്രിയിലെത്തിക്കാനും സഹായിയായി
ഓരോ പവൻ വീതമുള്ള രണ്ടു വളകളും രണ്ടര പവൻ മാലയുമാണ് പ്രതി കവർന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്ന് അവർ പറഞ്ഞതിനെത്തുടർന്ന് കനാലിൽ എറിഞ്ഞു ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിന്റെ സൺഷെയ്ഡിൽ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു. സംഭവം പുറത്തറിഞ്ഞ ശേഷം നാട്ടുകാർക്കൊപ്പം ചാൻബീവിയുടെ വീട്ടിലെത്തിയ പ്രതി ചാൻബീവിയെ ആശുപത്രിയിലെത്തിക്കാനും മരണ വീട്ടിൽ ഒരുക്കങ്ങൾ നടത്താനും സജീവമായിരുന്നു.
മുൻപും വീട്ടില്‍ മോഷണം
ചാൻ ബീവിയുടെ വീട്ടിൽ നിന്നു മുൻപ് മൊബൈൽ ഫോൺ, പണം എന്നിവ മോഷണം പോയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നില്ല. അലക്സ് ആവശ്യപ്പെടുമ്പോഴെല്ലാം ചാൻബീവി പണം നൽകിയിരുന്നു സെക്രട്ടേറിയറ്റിൽ ധനകാര്യ വിഭാഗം അണ്ടർ സെക്രട്ടറി ആയ മകൻ അൻവർ ഹുസൈൻ ജോലിക്കുപോയി കഴിഞ്ഞാൽ വീട്ടിൽ ചാൻബീവി ഒറ്റക്കാണ്. ആഹാരം നൽകാനുള്ള സമയത്തു മാത്രമാണ് അലക്സിന്റെ മുത്തശ്ശി കൂടിയായ പരിചാരിക എത്തുക.
കുടുക്കിയത് ടവർ ലൊക്കേഷൻ
സംഭവ ദിവസം ഉച്ചക്ക് രണ്ടിന് കാട്ടാക്കടയിലെ കോളജിൽ നിന്നെന്ന മട്ടിൽ അലക്സ് വീട്ടിലേക്ക് വിളിച്ച് കുശലാന്വേഷണം നടത്തിയിരുന്നു. എന്നാൽ ഈ സമയത്ത് സംഭവം നടക്കുന്ന വീടിന്റെ പരിസരത്ത് അലക്സ് ഉണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം കോളജിൽ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ചത് സംഭവ സമയത്ത് സ്ഥലത്ത് ഇല്ലെന്നുവരുത്തി തീർക്കാൻ ആണെന്നും പൊലീസ് കരുതുന്നു.
Also Read- ക്ലാസിൽ കയറി യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ഭര്‍ത്താവിന്റെ ശ്രമം
മരണ സമയത്ത് അലക്സിന്റെ ഫോൺ ടവർ ലൊക്കേഷൻ സംഭവ സ്ഥലത്ത് ആയിരുന്നു എന്നു തെളിഞ്ഞതോടെ നേരത്തെ പറഞ്ഞ നുണകൾ പൊളിയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുന്നുണ്ടോ എന്നറിയാനായി പത്രങ്ങളുടെ ഇന്റർനെറ്റ് പതിപ്പ് അലക്സ് വായിച്ചിരുന്നതും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച് കിട്ടുന്നതടക്കം മാസം അരലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള ആഡംബര ജീവിതമായിരുന്നു അലക്സിന്റേതെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Murder, Thiruvananthapuram