തിരുവനന്തപുരം: പെൺസുഹൃത്തിനെ കാണാൻ പോയതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ആഴിമല കടൽതീരത്തേക്ക് ഓടുന്നതിന്‍റെ ദൃശ്യങ്ങളാണ് കിട്ടിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ ശേഷം ആഴിമലക്ക് സമീപം വെച്ച് കിരണിനെ കാണാതാവുകയായിരുന്നു. പെൺകുട്ടിയുമായി കിരണിന് ഒരു വർഷമായി സൗഹൃദമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ചയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മൊട്ടമൂട് സ്വദേശി കിരണ്‍ ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെൺ സുഹൃത്തിനെ കാണാനെത്തുന്നത്. കിരണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഴിമല കടൽത്തീരത്തുള്ള പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി. മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ആഴിമലയിലെ ഒരു ആയൂർവേദ റിസോർട്ടിലെ സിസിടിവിദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. ഇതിൽ കിരൺ കടൽതീരത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണുള്ളത്. പക്ഷെ ആരും പിന്തുടരുന്നില്ല. ആഴിമല തീരത്തെത്തിയപ്പോഴേക്കും മർദ്ദനം ഭയന്ന കിരണ്‍ കടൽതീരത്തേക്ക് ഓടിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പക്ഷെ മകനെ തട്ടികൊണ്ടുപോയ കാര്യവും കാണാതായതുമെല്ലാം ഒപ്പമുണ്ടായിരുന്നവർ പൊലീസിൽ പരാതി നൽകുന്നതുവരെ ബന്ധുക്കളോട് പറഞ്ഞിരുന്നില്ല.
ഒരു വർഷമായി കിരണും പെൺകുട്ടിയും തമ്മിൽ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇടക്ക് കിരണിൻറെ ഫോൺ പെൺകുട്ടി ബ്ലോക്ക് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കിരൺ നേരിട്ട് കാണാനെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലേക്ക് വരരുതെന്ന് പെൺകുട്ടിയുടെ സഹോദരൻ കിരണിന്റെ അച്ഛനെ വിളിച്ച താക്കീത് ചെയ്തിരുന്നു. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് മുന്നിൽ കിരണും സുഹൃത്തുക്കളുമെത്തിയത് പെണ്‍കുട്ടി സഹോദരനെ വിളിച്ചറിയിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് കിണനെയും സുഹൃത്തുക്കളെ പിന്തുടർന്ന് വാഹനത്തിൽ കയറ്റുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.