നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത് ചന്ദനം മുറിക്കാനുള്ള ശ്രമത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് പേര്‍ അറസ്റ്റില്‍

  അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത് ചന്ദനം മുറിക്കാനുള്ള ശ്രമത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് പേര്‍ അറസ്റ്റില്‍

  ഷിനുവിൻ്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതോടെ നടന്ന അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.

  News18

  News18

  • Share this:
  മൂന്നാഴ്ച മുൻപാണ് അട്ടപ്പാടി വീട്ടിക്കുണ്ടിൽ മണ്ണാർക്കാട് തച്ചമ്പാറ സ്വദേശി ഷിൻ ഷാജുദ്ദീൻ എന്ന ഷിനുവിനെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ മേഖലയിൽ ആടുമേയ്ക്കാൻ പോയ സ്ത്രീകളായിരുന്നു വഴിയരികിൽ കിടന്ന മൃതദേഹം കണ്ടത്. രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

  തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തച്ചമ്പാറ സ്വദേശി ഷിൻ ഷാജുദ്ദീൻ്റെ മൃതദേഹമാണിതെന്ന് വ്യക്തമായത്. എന്നാൽ ഇയാൾ ഇവിടെ എന്തിന് വന്നുവെന്നത് സംബന്ധിച്ച് വ്യക്തത വന്നിരുന്നില്ല. പിന്നീട് ഷിനുവിൻ്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതോടെ നടന്ന അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ഷിനു സുഹൃത്തുക്കളോടൊപ്പം ചന്ദനമരം മുറിച്ചു കടത്താൻ ശ്രമത്തിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

  ഇതോടെ സുഹൃത്തുക്കളായ പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ പുതുവീട്ടിൽ  അബ്ദുൾ സലാം (46), വീട്ടിക്കുന്നത്ത് വീട്ടിൽ മുജീബ് എന്ന ജാക്കി (25), ആനമൂളി സ്വദേശി ഫസൽ (33), കോട്ടത്തറ സ്വദേശി നൗഷാദ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ:

  ഷിനുവിൻ്റെ മൊബൈൽ ഫോൺ കോയമ്പത്തൂരിൽ ആണെന്ന് കണ്ടെത്തിയതോടെയാണ് ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. ഒക്ടോബർ 15ന് രാത്രി എട്ട് മണിക്ക് ഇവർക്കൊപ്പം ഷിൻ ഷാജുദീനും ബൈക്കിൽ വീട്ടിക്കുണ്ട് വനത്തിലേക്കുള്ള യാത്രക്കിടയിലാണ് റോഡിൽ കാട്ടാനയെ കണ്ടത്. അൽപ നേരം കാത്തിരുന്ന ശേഷം അഞ്ചു പേരും റോഡിലൂടെ നടന്നു മുന്നോട്ട് നീങ്ങുമ്പോഴാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും ഷിൻ ഷാജുദ്ദീൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

  കാട്ടാന പോയ ശേഷം ഷിൻ ഷാജുദീന്റെ അരികിലെത്തിയ സംഘം ഇയാൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ശേഷം ഇവർ ഷിൻ ഷാജുദീന്റ രണ്ട് ഫോണുകളും എടുത്ത് സ്ഥലം വിടുകയായിരുന്നു. ഒരു ഫോൺ അറസ്റ്റിലായ നൗഷാദിന്റെ ബന്ധുവിന് നൽകി. മറ്റൊന്നാണ് കോയമ്പത്തൂരിൽ വിറ്റത്. ഇത് പിന്തുടർന്നാണ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജൂലൈയ് മാസത്തിൽ വീട്ടിക്കുണ്ട് മലവാരത്ത് ചന്ദന മരങ്ങൾ മുറിച്ച് കടത്തിയതിന് സലാം, മുജീബ്, ഫസൽ, നൗഷാദ് എന്നിവർക്കെതിരെ ഷോളയൂർ വനം വകുപ്പ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷോളയൂർ സിഐ വിനോദ് കൃഷണന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വനം വകുപ്പിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ തെളിവെടുപ്പിനായി ഷോളയൂർ വനം ഉദ്യേഗസ്ഥർ പ്രതികളെ തിങ്കളാഴ്ച്ച കസ്റ്റഡിയിൽ വാങ്ങും.
  Published by:Sarath Mohanan
  First published:
  )}