തിരുവനന്തപുരം: കഴക്കൂട്ടത്ത് (Kazhakuttam) വിവാഹ സൽക്കാരത്തിനിടെ ഗുണ്ട അക്രമം (Goons attack). ഒരാളിന് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്. മുതുകിൽ കുത്തേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ജാസിം ഖാനാണ് കുത്തിയത്.
ജാസിംഖാന്റെ സംഘത്തിൽ മുൻപുണ്ടായിരുന്നയാളാണ് വിഷ്ണു എന്നാണ് പ്രാഥമിക വിവരം. രാത്രി ഏഴരയോടെയായിരുന്നു സംഭവം. സിപിഎം നെട്ടയക്കോണം ബ്രാഞ്ചംഗത്തിന്റെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു അക്രമം നടന്നത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
യാത്രയ്ക്കിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പിന്നാലെ എത്തി അറിയിക്കും; പിന്നാലെ മർദനവും കവർച്ചയും; രണ്ടുപേർ പിടിയിൽ
കാർയാത്രികനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച് പണവും സ്വർണവുമായി കടന്നുകളഞ്ഞ അഞ്ചു പ്രതികളിൽ രണ്ടുപേർ പിടിയിലായി. വെഞ്ഞാറമൂട് പനവൂർ വാഴൂർ വിളയിൽ വീട്ടിൽ നാസിം (43), പനവൂർ റാഷിദ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് വെഞ്ഞാറമൂട്ടിൽ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന കഴിക്കുംകര കിഴക്കേകോണത്ത് വീട്ടിൽ മോഹനപ്പണിക്കരെയാണ് (58) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്. അക്രമിസംഘം മോഹനപ്പണിക്കർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാണെന്ന് പറയുകയും കാർ നിറുത്തി ഇറങ്ങിയ ഇയാളെ അക്രമിസംഘത്തിന്റെ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
തുടർന്ന് സീറ്റിൽ കമഴ്ത്തിക്കിടത്തി മർദ്ദിക്കുകയായിരുന്നു. കൂടാതെ 11 പവന്റെ മാലയും മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന 28000 രൂപയും പേഴ്സും മറ്റു രേഖകളും കൈക്കലാക്കുകയും ചെയ്തു. പൊലീസിൽ വിവരമറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഉപദ്രവിച്ചതായും മോഹനപ്പണിക്കർ നൽകിയ പരാതിയിൽ പറയുന്നു. മറ്റു മൂന്ന് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചതായി വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജുനാഥ് അറിയിച്ചു.
യാത്രക്കിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞ് തടഞ്ഞുനിർത്തുകയും വാഹനം നിർത്തി പുറത്തിറങ്ങിയാൽ ആക്രമിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. സംഘം സമാനമായ രീതിയിൽ കവർച്ച നടത്തിയോ എന്നും വെഞ്ഞാറമൂട് പൊലീസ് പരിശോധിക്കുന്നുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.