നോയിഡയിൽ കോളേജ് വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു കൊന്നതിനു (shot dead) ശേഷം ജീവനൊടുക്കി (student ends life). ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ശിവ് നാടാർ യൂണിവേഴ്‌സിറ്റിയിലെ അനൂജ് സിംഗ് എന്ന ബിഎ വിദ്യാർത്ഥിയാണ് സഹപാഠിയായിരുന്ന സ്‌നേഹ ചൗരസ്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിനു ശേഷം ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. യുവാവ് സംഭവസ്ഥലത്തു വെച്ചും യുവതി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇരുവർക്കും 21 വയസ് പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ കൊലപാതകത്തിന്റെയും ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
മൂന്നാം വർഷ ബിഎ വിദ്യാർത്ഥിയായിരുന്നു അനൂജ് സിംഗ്. സർവ്വകലാശാലയിലെ ഡൈനിംഗ് ഹാളിന് പുറത്ത് സ്നേഹയോട് അനൂജ് സംസാരിച്ചുകൊണ്ട് നിന്നിരുന്നത് കണ്ടിരുന്നവർ ഉണ്ടെന്നും പോലീസ് പറഞ്ഞു. സ്നേഹക്കു നേരെ വെടിയുതിർത്തതിനു ശേഷം ഹോസ്റ്റലിലെ തന്റെ മുറിയിലേക്ക് ഓടിയെത്തി സ്വയം വെടി വെച്ചാണ് അനൂജ് ആത്മഹത്യ ചെയ്തത്.
Also read: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം; ആലപ്പുഴ സ്വദേശിക്കെതിരെ കേസ്
സ്‌നേഹയുടെ വയറിലും നെഞ്ചിലുമായി രണ്ട് വെടിയുണ്ടകൾ തുളച്ചു കയറിയിരുന്നു. അനൂജ് തലയിലേക്ക് വെടിയുതിർത്താണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ നിന്ന് ഇയാൾ ഉപയോഗിച്ച പിസ്റ്റൾ പൊലീസ് കണ്ടെടുത്തു.
മരിച്ച രണ്ട് വിദ്യാർത്ഥികളും ആദ്യം നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും അടുത്തിടെ ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് ഗ്രേറ്റ് നോയിഡയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സാദ് മിയ ഖാൻ പറഞ്ഞു. ഒന്നര വർഷം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും തുടർന്ന് ബന്ധം അവസാനിപ്പിച്ചെന്നുമാണ് അനൂജിന്റെ ഗൂഗിൾ ഡ്രൈവിൽ നിന്നും ലഭിച്ച വീഡിയോ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൻ ബ്രെയിൻ ക്യാൻസറിന്റെ മൂന്നാം ഘട്ടത്തിലാണെന്നും കൂടുതൽ കാലം ജീവിച്ചിരിക്കില്ലെന്നും അനൂജ് വീഡിയോയുടെ അവസാനം പറയുന്നുണ്ട്. തന്റെയും സ്നേഹയുടെയും രക്ഷിതാക്കൾക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിച്ച അനൂജ്, നിങ്ങൾ കഴിയുമെങ്കിൽ എന്നോട് ക്ഷമിക്കൂ എന്നും വീഡിയോയ്‌ക്കൊപ്പം അയച്ച മെയിലിൽ പറയുന്നുണ്ട്.
സംഭവത്തിൽ അതിയായ ദുഃഖവും വേദനയും ഉണ്ടെന്ന് ശിവ് നാടാർ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എമിനൻസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. “സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ക്യാമ്പസിലെ മറ്റെല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണ്. ഞങ്ങളുടെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും മുഴുവൻ സമൂഹത്തിന്റെയും സുരക്ഷക്കും ക്ഷേമത്തിനും ഞങ്ങൾ മുൻഗണന നൽകുന്നു. പോലീസിന്റെ അന്വേഷണത്തോട് ഞങ്ങൾ പൂർണമായും സഹകരിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഞങ്ങളുടെ അഗാധമായ ദുഖ:വും അനുശോചനവും അറിയിക്കുന്നു. അത്യന്തം പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് സാധ്യമായ എല്ലാ വിധത്തിലും ഞങ്ങൾ അവരെ പിന്തുണയ്ക്കും എന്നും അറിയിക്കുന്നു”, യൂണിവേഴ്സിറ്റി അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.