വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജാർഖണ്ഡിലെ പലാമു ജില്ലയിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഉത്തരവനുസരിച്ച് 19 കാരിയായ യുവതിയെ മർദിക്കുകയും മുടി മുറിക്കുകയും റോഡിലൂടെ നടത്തുകയും ചെയ്തുവെന്ന് പോലീസ്. തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 185 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
മൂന്ന് പഞ്ചായത്ത് അംഗങ്ങളും യുവതിയുടെ സഹോദരഭാര്യയും ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പടാൻ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഗുൽഷൻ ഗൗരവ് പറഞ്ഞു.
യുവതി മേദിനിനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്രാമവാസികളുടെ മൊഴിയനുസരിച്ച്, ഏപ്രിൽ 20 ന് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും നിശ്ചിത തീയതിയിൽ വരൻ എത്തിയപ്പോൾ അവർ വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്ന് ഗൗരവ് പറഞ്ഞു.
“അതിനുശേഷം, 20 ദിവസത്തേക്ക് യുവതിയെ കാണാതാവുകയും ഞായറാഴ്ച തിരിച്ചെത്തുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
യുവതി മടങ്ങി എത്തിയതും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഒരു ഗ്രാമ പഞ്ചായത്ത് വിളിച്ചുകൂട്ടി.
“പഞ്ചായത്ത് കാര്യവിവരങ്ങൾ അന്വേഷിച്ചുവെങ്കിലും യുവതി മൗനം പാലിച്ചു. തുടർന്ന്, പഞ്ചായത്ത് അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, മുടി മുറിച്ച് ഗ്രാമത്തിലൂടെ നടത്തി. മർദിക്കുകയും ചെയ്തു, ” ഗൗരവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.