കണ്ണൂർ: കൂത്തുപറമ്പില്‍ ഓണ്‍ലൈന്‍ വഴി എത്തിച്ച മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ലഹരിമരുന്നായ 70 എൽഎസ്ഡി സ്റ്റാംപുകളാണ് കൂത്തുപറമ്പിലെത്തിച്ചത്. പാറാൽ സ്വദേശി കെ.പി. ശ്രീരാഗ് ആണ് അറസ്റ്റിലായത്.
കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ എത്തിചേർന്ന പാഴ്സൽ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പാഴ്‌സലിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീരാഗ് പിടിയിലായത്. പിടിച്ചെടുത്ത 1,607 മില്ലിഗ്രാം തൂക്കം വരുന്ന എൽഎസ്ഡി സ്റ്റാംപുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലവരും.
Also Read-സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടറെ വിജിലന്‍സ് സംഘം പിടികൂടി
കഴിഞ്ഞ മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തതെന്ന് പ്രതി സമ്മതിച്ചു. ഡാർക് വെബ്സൈറ്റിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്കോയിൻ കൈമാറ്റം വഴിയാണ് മയക്കുമരുന്ന് വാങ്ങിയത്.
കഞ്ചാവ് കൈവശം വച്ചതിന് മുൻപും ശ്രീരാഗിനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. നേരത്തെയും സമാനമായ രീതിയില്‍ പാഴ്‌സലില്‍ വന്ന ലഹരിമരുന്ന് പിടികൂടുന്ന് സാഹചര്യം ഉണ്ടായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.