വർക്കല: ഇടവ വെറ്റക്കട കടൽത്തീരത്ത് എത്തുന്ന വിദേശ വനിതകൾക്കു നേരേ തുടർച്ചയായി ആക്രമണശ്രമമെന്ന് റിപ്പോർട്ട്. ആയുധങ്ങളുമായി എത്തി ആക്രമിക്കാൻ ശ്രമിച്ച ഇടവ ഓടയം സ്വദേശിയായ യുവാവിനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികരോഗത്തിനു ചികിത്സ തേടുന്ന ആളാണ് പിടിയിലായത്. പൊട്ടിയ ബിയർ കുപ്പിയും കത്തിയും കാട്ടിയാണ് ഇയാൾ അക്രമിക്കാൻ ശ്രമിച്ചത്. വിദേശ വനിതകൾ നീന്തൽവേഷമായ ബിക്കിനി ധരിച്ച് തീരത്തെത്തുന്നതിൽ പ്രകോപിതനായാണ് അക്രമത്തിനു മുതിർന്നത്.
കഴിഞ്ഞദിവസം രാവിലെ സർഫിങ് പരിശീലനത്തിനായി തീരത്തെത്തി വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിക്ക് നേരെയും ആക്രമണശ്രമമുണ്ടായിരുന്നു. പൊട്ടിയ ബിയർ കുപ്പിയുമായി പാഞ്ഞടുക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. നീന്തൽവേഷം ധരിച്ച് തീരത്തെത്തിയത് ചോദ്യം ചെയ്തായിരുന്നു ഭീഷണിയെന്ന് വിദേശ വനിത പറഞ്ഞു. ഇടവ വെറ്റക്കട തീരത്ത് മുമ്പും വിദേശ വനിതകൾക്കു നേരേ ഇയാൾ അതിക്രമങ്ങൾ നടത്തിയതായി പരാതിയുണ്ടായിരുന്നു.
കഴിഞ്ഞ ജനുവരി ആറിന് സർഫിങ് പരിശീലനം നടത്തുകയായിരുന്ന മറ്റൊരു വിദേശ വനിതയെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കത്തിയുമായി എത്തിയാണ് ഭീഷണി മുഴക്കിയത്. ആ സംഭവത്തിന്റെ ദൃശ്യങ്ങൾ ബ്ലോഗറായ യുവതി സമൂഹമാദ്ധ്യമങ്ങളിൽ ടൂറിസം മന്ത്രിയെയും കേരള പൊലീസിനെയും ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.