തിരുവനന്തപുരം: കുറ്റം ചെയ്തിട്ടില്ലെന്ന് എ കെ ജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതി. കുറ്റം സമ്മതിച്ചുവെന്ന് പറയുന്നത് കളവാണെന്നും ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നു ജിതിൻ പറഞ്ഞു. കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി. കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അറസ്റ്റിലായ ജിതിൻ പറഞ്ഞു.
ജിതിനെ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ജിതിൻ പ്രതികരിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐപിസി 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എവിടെ നിന്നാണ് എകെജി സെന്റർ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈംബ്രാഞ്ചിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 11.30 ന് ആണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനെതിരേ ആക്രമണം നടന്നത്. ആരാണ് ഇതിന് പിന്നിലെന്ന ചോദ്യം ഉത്തരംകിട്ടാതെ തുടരുകയായിരുന്നു. കോണ്‍ഗ്രസാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടാൻ സാധിക്കാത്തത് സമൂഹ മാധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
സ്ഫോടക വസ്തു എറിയുന്ന സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്ന സമയത്ത് ധരിച്ചിരുന്ന ടിഷര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് ടിഷര്‍ട്ടിന്റെ പ്രത്യേകത കണ്ടെത്തിയത്. ഇതുപയോഗിച്ച് അന്വേഷണം നടത്തിയ സമയത്ത് അത് വാങ്ങിയതില്‍ ഒരാള്‍ ജിതിന്‍ ആണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു.എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത് താനാണെന്ന് ജിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AKG Center, AKG Center attack case, Crime branch, Youth congress leader